തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം
ന്യൂഡൽഹി ബൂത്തിലെ സിസി ടിവി ദൃശ്യമടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് രേഖകൾ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനാകില്ല. ഇതിനായി 1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശപ്രകാരം കേന്ദ്രനിയമമന്ത്രാലയം ഭേദഗതി വരുത്തി. സ്ഥാനാര്‍ഥികളുടെ വീഡിയോ റെക്കാര്‍ഡിങ്ങുകള്‍, സിസിടിവി ദൃശ്യങ്ങള്‍, വെബ്കാസ്റ്റിങ് തുടങ്ങിയവ ദുരുപയോഗിക്കുന്നത് തടയാനാണിതെന്നാണ് വിശദീകരണം. എന്നാൽ തെരഞ്ഞെടുപ്പ് സുതാര്യതയെ ഇല്ലാതാക്കുന്നതാണ് നടപടിയെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ടികള്‍ വിമര്‍ശിച്ചു. കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയ്‍റാം രമേശ് പറഞ്ഞു. ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേസിൽ സിസിടിവി ദൃശ്യങ്ങളടക്കമുള്ള രേഖകള്‍ അഭിഭാഷകന് കൈമാറാന്‍ ഹരിയാന പഞ്ചാബ് ഹൈക്കോടതി കമീഷന് നിര്‍ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പൊതുജനങ്ങള്‍ പരിശോധിക്കാനാകുന്ന ചട്ടം ഭേദഗതി ചെയ്തത്. Read on deshabhimani.com