ഇലക്ടറൽ ബോണ്ട് വഴി കോടികള്‍ തട്ടിയെന്ന് പരാതി ; നിര്‍മല സീതാരാമനെതിരെ കേസ്



ബം​ഗളൂരു ഇലക്ടറൽ ബോണ്ടിലൂടെ കോടികള്‍ തട്ടിപ്പുനടത്തിയെന്ന പരാതിയിൽ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമൻ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ ബം​ഗളൂരുവിലെ പ്രത്യേക കോടതി നിര്‍ദേശപ്രകാരം കേസെടുത്തു. ജനാധികാര സംഘര്‍‌ഷ പരിഷത്ത് നേതാവ് ആദര്‍ശ് അയ്യര്‍ നൽകിയ പരാതിയിലാണ്‌ നടപടി. തിലക്‍ന​ഗര്‍ പൊലീസ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. കര്‍ണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര, മുതിര്‍ന്ന നേതാവ് നളീൻകുമാര്‍ കട്ടീല്‍, ഇഡി ഉദ്യോ​ഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ക്രിമിനൽ ​ഗൂഢാലോചനയ്ക്കും തട്ടിപ്പിനും കേസെടുത്തത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്കെതിരെയും പരാതി ഉന്നയിച്ചെങ്കിലും കേസെടുത്തിട്ടില്ല. ഇഡിയെ ഉപയോ​ഗിച്ച്  റെയ്ഡ് നടത്തി വ്യവസായ സ്ഥാപനങ്ങളെ സമ്മര്‍ദത്തിലാക്കി ബിജെപിക്ക് അനുകൂലമായി എട്ടായിരം കോടിയിലേറെ രൂപയുടെ ഇലക്‌ടറൽ ബോണ്ട് വാങ്ങിപ്പിച്ചതായാണ് പരാതി. റെയ്ഡ് പേടിച്ച് വ്യവസായികള്‍‌ ബിജെപിക്കായി ഇലക്ടറൽ ബോണ്ട് വാങ്ങി. അനിൽ അ​ഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സ്റ്റെര്‍ലൈറ്റ്, വേദാന്ത കമ്പനികളിൽ ഇഡി പലതവണ റെയ്ഡ് നടത്തി. ഇതിന് പിന്നാലെ അനിൽ അ​ഗര്‍വാള്‍ 230.15 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് കാലയളവിൽ വാങ്ങി. ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെ അരബിന്ദോ ഫാര്‍മ  49.5 കോടിയുടെ ഇലക്‌ടറൽ ബോണ്ട് വാങ്ങിയതായും പരാതിയിൽ ചൂണ്ടിക്കാട്ടി. പൊലീസിന് പരാതി നൽകിയെങ്കിലും കേസ് എടുക്കാത്തതിനാൽ കോടതിയെ സമീപിക്കുകയായിരുന്നു. ഇലക്‌ടറൽ ബോണ്ട്‌ പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ച്‌ സുപ്രീംകോടതി 2024 ആദ്യം റദ്ദാക്കിയിരുന്നു. Read on deshabhimani.com

Related News