മദ്യനയ അഴിമതി; ബിആർഎസ് നേതാവ് കവിതയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

photo credit: facebook


ന്യൂഡൽഹി> ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട്‌ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ജാമ്യം തേടി ബിആർഎസ് നേതാവ് കെ കവിത സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.     ഈ കേസുകളിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ ജൂലൈ ഒന്നിലെ വിധിയെ ചോദ്യം ചെയ്ത് കവിത നൽകിയ ഹർജികളിൽ ആഗസ്ത്‌ 12ന് സുപ്രീം കോടതി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ് (ഇഡി) എന്നിവരോട് പ്രതികരണം തേടിയിരുന്നു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ കേൾക്കുന്നത്. കവിത അഞ്ച് മാസത്തോളമായി കസ്റ്റഡിയിലാണെന്നും കുറ്റപത്രവും പ്രോസിക്യൂഷൻ പരാതിയും യഥാക്രമം സിബിഐയും ഇ ഡിയും സമർപ്പിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ച്‌ കവിതയുടെ അഭിഭാഷകൻ ജാമ്യം തേടിയിരുന്നു. ഇതിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയും സമർപ്പിച്ച ഹർജികളിലെ സുപ്രീം കോടതി വിധികളും കവിതയുടെ അഭിഭാഷകൻ സൂചിപ്പിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ  സുപ്രീം കോടതി കെജ്‌രിവാളിനും സിസോദിയക്കും നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.  എന്നാൽ രണ്ടു കേസിലും കവിതയുടെ ജാമ്യം കോടതി തള്ളുകയായിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കാൻ സാധിക്കില്ല എന്നായിരുന്നു ഹൈകോടതിയുടെ പ്രതികരണം. Read on deshabhimani.com

Related News