വ്യാജ ബോംബ് ഭീഷണി; ഇന്ന് സന്ദേശങ്ങൾ ലഭിച്ചത് 70ലേറെ വിമാനങ്ങൾക്ക്



ന്യൂഡൽഹി > ഇന്ത്യൻ എയർലൈനുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ തുടരുന്നു. വിവിധ എയർലൈനുകളുടെ എഴുപതിലധികം വിമാനങ്ങൾക്കുനേരെയാണ്  ഇന്ന് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യ, വിസ്താര, ഇൻഡി​ഗോ എയർലൈൻസുകളുടെ 20 വിമാനങ്ങൾക്കും ആകാശ എയറിന്റെ 14 വിമാനങ്ങൾക്കുമാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതേ തുടർന്ന് ഇൻഡി​ഗോയുടെ 20 വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചു. എല്ലാ ഉപഭോക്താക്കളെയും സുരക്ഷിതമായി തിരിച്ചിറക്കിയെന്നും തുടർ നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും ഇൻഡി​ഗോ അറിയിച്ചു. ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് സ്ഥിതി​ഗതികൾ നിരീക്ഷിക്കുകയാണെന്നും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുന്നുണ്ടെന്നും ആകാശ എയർ എമർജൻസി റെസ്പോൺസ് ടീം അറിയിച്ചു. വിമാന സർവീസുകൾക്കെതിരെ വ്യാജ ഭീഷണി സന്ദേശങ്ങൾ  അയക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്തായി കേന്ദ്ര വ്യോമയാന മന്ത്രി കെ റാംമോഹൻ നായിഡു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത്തരം ഭീഷണി സന്ദേശങ്ങൾ വ്യാജ ഇ-മെയിൽ ഐഡികളിൽ നിന്നും ഐപി അഡ്രസുകളിൽനിന്നുമാണ് ലഭിക്കുന്നത്. വിമാനസർവീസുകൾക്കെതിരെ വ്യാജ ഭീഷണി സന്ദേശങ്ങൾ അയക്കുന്നവരെ വിമാന യാത്രകളിൽ നിന്ന് വിലക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.   Read on deshabhimani.com

Related News