കർഷക രോഷത്തിൽ 
തിളച്ച്‌ രാജ്യം ; സംയുക്ത കിസാൻ 
മോർച്ചയുടെ 
നേതൃത്വത്തിൽ 
രാജ്യവ്യാപക പ്രക്ഷോഭം

കേന്ദ്ര സർക്കാരിന്റെ കാർഷിക വിപണന നയരേഖ കത്തിച്ച്‌ യുപി നോയിഡയിൽ അഖിലേന്ത്യാ കിസാൻ സഭ 
വൈസ്‌ പ്രസിഡന്റ് ഹന്നൻമൊള്ളയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്ന കർഷകർ. ഫോട്ടോ പിവി സുജിത്‌


ന്യൂഡൽഹി കർഷകസംഘടനകൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ ഉടൻ ചർച്ച തുടങ്ങണമെന്നടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്‌ സംയുക്ത കിസാൻ മോർച്ച നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിൽ തിളച്ച്‌ രാജ്യം. ജില്ലാ കേന്ദ്രങ്ങളിൽ എസ്‌കെഎം നേതൃത്വത്തിൽ കർഷകർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചാബ്‌ അതിർത്തിയിലെ കർഷക സമരത്തിനുനേർക്കുള്ള അടിച്ചമർത്തൽ അവസാനിപ്പിക്കുക, നിരാഹാരം കിടക്കുന്ന ജഗ്‌ജിത്‌ സിങ്‌ ദല്ലേവാളിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, ഗ്രേറ്റർ നോയിഡയിൽ ജയിലിലടച്ച കർഷകരെ മോചിപ്പിക്കുക, കേന്ദ്രം പുറത്തിറക്കിയ കാർഷിക വിപണനത്തിനായുള്ള ദേശീയ നയചട്ടക്കൂട് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ്‌ അഖിലേന്ത്യാ പ്രക്ഷോഭം. ജില്ല കേന്ദ്രങ്ങളിൽ നയത്തിന്റെ പകർപ്പ്‌ കത്തിച്ചു. ഉത്തർപ്രദേശ്‌,പഞ്ചാബ്‌, ഹരിയാന, രാജസ്ഥാൻ, ബിഹാർ, ഒഡീഷ, ജാർഖണ്ഡ്‌, ആന്ധ്രപ്രദേശ്‌, തെലങ്കാന, തമിഴ്‌നാട്‌ തുടങ്ങി ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കർഷകർ തെരുവിലിറങ്ങി. ഹിമാചലിൽ കനത്ത മഞ്ഞുവീഴ്‌ചയെ അവഗണിച്ചായിരുന്നു പ്രതിഷേധം.  രാഷ്‌ട്രപതിക്ക്‌ കലക്‌ടർമാർ മുഖേന നിവേദനവും കർഷകർ സമർപ്പിച്ചു. ദല്ലേവാളിന്റെ ജീവൻ രക്ഷിക്കുന്നതിലും കർഷകരുടെ ആവശ്യങ്ങൾക്ക്‌ പരിഹാരം കണ്ടെത്തുന്നതിലും രാഷ്‌ട്രപതി ദ്രൗപദി മുർമു ഇടപെടണമെന്ന്‌ കത്തിൽ ആവശ്യപ്പെട്ടു. മൂന്നാം എൻഡിഎ സർക്കാരിന്റെ കോർപേറേറ്റ്‌ പ്രീണന നയങ്ങൾക്കെതിരെയുള്ള രോഷം പ്രതിഫലിപ്പിക്കുന്നതായിരുന്നു  പ്രക്ഷോഭമെന്ന്‌ സംയുക്ത കിസാൻ മോർച്ച പത്രക്കുറിപ്പിൽ പറഞ്ഞു. 2020–-21ൽ നടന്ന ഐതിഹാസിക പ്രക്ഷോഭത്തെക്കാൾ കരുത്തുറ്റ പ്രക്ഷോഭം നടത്തിയാൽ മാത്രമേ ഈ നയങ്ങളെ തിരുത്താനാകുവെന്നും പ്രസ്‌താവനയിൽ എസ്‌കെഎം പറഞ്ഞു. Read on deshabhimani.com

Related News