സിദ്ധരാമയ്യക്കും കുമാരസ്വാമിക്കും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തു
ബംഗളൂരു > കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച് ഡി കുമാരസ്വാമിക്കുമെതിരെ ബംഗളൂരു പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്. കോടതി നിര്‍ദേശ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റവും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര, പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു, മുന്‍ മന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങി 23 രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും മുന്‍ ബംഗളൂരു പൊലീസ് കമ്മീഷണര്‍ ടി സുനീല്‍കുമാറടക്കം ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഇതേ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. പൊതുപ്രവര്‍ത്തകന്‍ എന്നവകാശപ്പെടുന്ന എ മല്ലികാര്‍ജുന്‍ എന്നയാളാണ് കേസിനാസ്പദമായ പരാതി നല്‍കിയത്. ബെംഗളൂരു സിസിഎച്ച് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊമേഴ്‌സ്യല്‍ സ്ട്രീറ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബംഗളൂരുവിലെ ആദായ നികുതി വകുപ്പ് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം നടത്തിയത്. ആദായ നികുതി വകുപ്പ് ബിജെപിയുടെ ഏജന്റാണെന്ന തെറ്റായ ആരോപണം ഉന്നയിച്ചു. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. രാജ്യദ്രോഹ കുറ്റങ്ങള്‍ നടക്കുന്നത് കണ്ടിട്ടും ബംഗളൂരു പൊലീസ് കമ്മീഷണറും മറ്റു ഉദ്യോഗസ്ഥരും ഇടപെട്ടില്ലെന്ന പരാതിയിലാണ് പൊലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. Read on deshabhimani.com