കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അഞ്ചംഗ കമ്മിറ്റി: തീരുമാനം പ്രക്ഷോഭത്തിന് പിന്നാലെ
ലഖ്നൗ > ഉത്തർപ്രദേശിൽ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു. നോയിഡ, ഗ്രേറ്റർ നോയിഡ പ്രദേശങ്ങളിലെ കർഷക സമരത്തിന് പിന്നാലെയാണ് തീരുമാനം. ഉത്തർപ്രദേശിലെ ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് സെക്രട്ടറി അനിൽകുമാർ സാഗർ ഐഎഎസ് ആണ് കമ്മിറ്റിയുടെ ചെയർമാൻ. കർഷകരുടെ പ്രശ്നങ്ങൾ പരിശോധിച്ച് പരിഹാരം കണ്ടെത്താനായി അഞ്ച് വിദഗ്ധരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിയൂഷ് വർമ, സഞ്ജയ് ഖത്രി, സോമ്യ ശ്രീവാസ്തവ, കപിൽ സിംഗ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ഒരു മാസത്തിനുള്ളിൽ കർഷകരുടെ പ്രശ്‌നങ്ങൾ പഠിച്ച് കമ്മിറ്റി റിപ്പോർട്ട് നൽകണം. യുപിയിലെ ഗ്രേറ്റർ നോയിഡയിൽ തിങ്കൾ മുതലാണ് കർഷകർ രാപകൽ സമരം തുടങ്ങിയിരുന്നു. വൻകിട പദ്ധതികൾക്ക് ഭൂമി വിട്ടുനൽകിയവർക്ക് നഷ്‌ടപരിഹാരം നൽകാത്ത ആദിത്യനാഥ് സർക്കാരിനെതിരെ സംയുക്ത കിസാൻ മോർച്ച നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. യമുന എക്‌സ്‌പ്രസ്‌വേ അതോറിറ്റി, യുപി വ്യവസായ വികസന അതോറിറ്റി തുടങ്ങിയവയുടെ വൻകിട പദ്ധതികൾക്കായി ഭൂമിവിട്ടുനൽകിയവരാണ് പെരുവഴിയിലായത്. ഏറ്റെടുത്ത് വികസിപ്പിച്ച ഭൂമിയുടെ 10 ശതമാനം നൽകുക, നഷ്‌ടപരിഹാരം, തൊഴിൽ തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിച്ചത്. Read on deshabhimani.com