ജസ്റ്റിസ് കെ എസ് പുട്ടസ്വാമി 
വിടവാങ്ങി



ബം​ഗളൂരു സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധിയിലേക്ക് നയിച്ച പൊതുതാൽപ്പര്യഹര്‍ജി നൽകിയ കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്‌ജ്‌ കെ എസ് പുട്ടസ്വാമി (98) വിടവാങ്ങി.  തിങ്കളാഴ്ച ബം​ഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. നിയമ പിൻബലമില്ലാതെ  എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍‌ സംവിധാനം പൗരന്റെ സ്വകാര്യതയ്‌ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി  2012ൽ  എൺപത്തിയാറാം വയസിലാണ്  പുട്ടസ്വാമി സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് 2017 ആ​ഗസ്‌ത്‌ 24 ന് ഒൻപതം​ഗ ഭരണഘടനാബെഞ്ച് സ്വകാര്യതയ്‌ക്കുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്ന്  ഏകകണ്ഠമായി  വിധിയെഴുതിയത്. 2018ൽ സുപ്രീംകോടതി അഞ്ചം​ഗ ബെഞ്ച് ആധാറിന്റെ ഭരണ​ഘടനാസാധുത ശരിവച്ച ശേഷമാണ് പുട്ടസ്വാമി ആധാര്‍ കാര്‍ഡ് എടുത്തത്. 1926 ഫെബ്രുവരിയിലാണ് ജനനം. 
    ബം​ഗളൂരുവിലെ ​ഗവ. ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. 1952ൽ അഭിഭാഷകനായി. 1977 നവംബര്‍ 28ന് കര്‍ണാടക ഹൈക്കോടതി ജഡ്ജായി. 1986ൽ  വിരമിച്ചശേഷം ബം​ഗളൂരുവിലെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വൈസ് ചെയര്‍മാനായി.  ഹൈദരാബാദിൽ ആന്ധ്രപ്രദേശ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയര്‍മാനായും  ആന്ധ്രപ്രദേശ്  പിന്നാക്ക വിഭാ​ഗ കമീഷൻ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. Read on deshabhimani.com

Related News