മൗനത്തിന്റെ മുറിവുകൾ
സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും വീഴ്ചയെ തുടർന്ന് അമേരിക്കൻ നേതൃത്വത്തിൽ ആഗോള മുതലാളിത്തം പുതു ചൂഷണ നയങ്ങൾക്ക് തുടക്കമിട്ട കാലം. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ഇന്ത്യൻ സാമ്പത്തിക‐ രാഷ്ട്രീയ വ്യവസ്ഥയെ അഴിച്ചുപണിത പരിഷ്കരണങ്ങളുടെ സൂത്രധാരൻ, പിന്നാലെ ദശകക്കാലം പ്രധാനമന്ത്രി പദത്തിൽ‐ മൻമോഹൻ സിങ്ങിന്റെ സ്ഥാനം ചരിത്രത്തിലെ വഴിത്തിരിവിന്റേത്. സാമ്പത്തിക വിദഗ്ധനും ധനമന്ത്രിയുമായുള്ള ആ മുൻകൈയിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ രാജ്യത്തിന്റെ പിൽക്കാല ജീവിതത്തിന്റെ ഗതി മാറ്റി. ആഗോളവൽക്കരണം, ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം എന്നിങ്ങനെ അറിയപ്പെട്ട അവ ലോക സാമ്പത്തിക‐ രാഷ്ട്രീയ മാറ്റങ്ങളുടെ ചുവടുപിടിച്ചായിരുന്നു. സ്വാതന്ത്ര്യാനന്തരം, വലിയ മാറ്റമില്ലാതെ തുടർന്ന സാമ്പത്തിക നയത്തെ അടിമുടി മാറ്റിത്തീർത്ത പരിഷ്ക്കരണം. നെഹ്റുവിയൻ ക്ഷേമരാഷ്ട്ര സങ്കൽപത്തിൽനിന്നും മത്സരാധിഷ്ഠിത കമ്പോളവ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റം. സാമ്പത്തികശാസ്ത്രത്തിൽ ഉയർന്ന അക്കാദമിക യോഗ്യതനേടിയ മൻമോഹൻ രാഷ്ട്രീയത്തിൽ സ്വയം ആകൃഷ്ടനായതല്ല. സമ്പദ് ശാസ്ത്രവും രാഷ്ട്രീയവുമായുള്ള ദൃഢബന്ധം പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തുകയായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ഉയർന്ന അക്കാദമിക്ക് യോഗ്യതയുള്ളയാളായിരുന്നു സിങ്.ഇന്ത്യയുടെ കയറ്റുമതി വ്യാപാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേംബ്രിജിൽ ഗവേഷണം പൂർത്തിയാക്കി 1957ൽ തിരിച്ചെത്തിയ മൻമോഹൻ പഞ്ചാബ് സർവകലാശാല സാമ്പത്തിക വിഭാഗം ലക്ചററായി. 1966മുതൽ 69വരെ ഐക്യരാഷ്ട്രസഭയുടെ കോൺഫറൻസ്ഓഫ് ട്രേഡ് ആൻഡ് ഡെവലപ്മെന്റി (യുഎൻസിടിഎഡി)ൽ സാമ്പത്തികകാര്യ ഉദ്യോഗസ്ഥൻ. 1969ൽ വീണ്ടും അധ്യാപന വൃത്തിയിലേക്ക്. ദില്ലി സർവകലാശാല സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസർ. വിദേശവ്യാപാര വകുപ്പിൽ ഉപദേഷ്ടാവായി രണ്ട് വർഷം പ്രവർത്തിച്ച് കേന്ദ്ര സർവീസിലെത്തി. നാല് വർഷം ധനമന്ത്രാലയത്തിൽ മുഖ്യ ഉപദേഷ്ടാവ്. 1976 മുതൽ 80വരെ മന്ത്രാലയം ധനകാര്യവിഭാഗത്തിൽ സെക്രട്ടറിയും ആറ്റോമിക് എനർജി ‐സ്പേസ് കമ്മിഷനുകളിൽ അംഗവും. 1980 മുതൽ 82വരെ ആസൂത്രണ കമ്മിഷൻ മെമ്പർ സെക്രട്ടറി, 1982 മുതൽ 85വരെ റിസർവ് ബാങ്ക്ഗവർണർ, ആസൂത്രണ കമ്മിഷൻ വൈസ്ചെയർമാൻ, എഡിബി, ഐഎംഎഫ്, സൗത്ത് കമ്മിഷൻ സെക്രട്ടറി ജനറൽ, യുജിസി ചെയർമാൻ തുടങ്ങി വിവിധ പദവികൾ വഹിച്ചശേഷമാണ്, 1990ൽ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ സാമ്പത്തിക ഉപദേഷ്ടാവായത്. തുടർന്ന് രാജ്യസഭാംഗവും ധനമന്ത്രിയും. രാജീവ് വധത്തെ തുടർന്ന് പ്രധാനമന്ത്രിയായ നരസിംഹ റാവുവിനു മുന്നിലെ വെല്ലുവിളി സമ്പദ്വ്യവസ്ഥയെ കരകയറ്റുകയായിരുന്നു. അനുയോജ്യനായ വിദഗ്ധനെ അതിന് വേണ്ടിയിരുന്നു. സിങ്ങല്ലാതെ മറ്റൊരാളെ ആലോചിക്കേണ്ടിവന്നില്ല. ക്ഷണം ആദ്യം നിരസിച്ചെങ്കിലും പിന്നീട് ഏറ്റെടുത്തു. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും വീഴ്ചയെ തുടർന്ന് അമേരിക്കൻ നേതൃത്വത്തിൽ ആഗോള മുതലാളിത്തം പുതു ചൂഷണ നയങ്ങൾക്ക് തുടക്കമിട്ട കാലം. റീഗനും താച്ചറും കൊണ്ടുവന്ന പരിഷ്കരണങ്ങൾ ആഗോളവൽക്കരണ‐ ഉദാരവൽക്കരണ സിദ്ധാന്തങ്ങളായി വികസിത‐ അവികസിത രാജ്യങ്ങളുടെമേൽ അടിച്ചേൽപ്പിച്ചു തുടങ്ങി. യുഎന്നിലും ഐഎംഎഫിലും ഉദ്യോഗസ്ഥനായ മൻമോഹൻ ആ പരിവർത്തന ദിശയിലേക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉദ്ഗ്രഥിക്കാൻ ഉത്സാഹിച്ചു. എഴുപതുകൾമുതൽ അതിന്റെ നാനാവശങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന് മുകളിൽനിന്നുള്ള കാഴ്ചയല്ലാതെ അടിത്തട്ടിലെ യാഥാർഥ്യമെന്തെന്ന് ബോധ്യമുണ്ടായില്ല. ആഗോളമൂലധനത്തിന് സമ്പദ്രംഗം തുറന്നുകൊടുത്തപ്പോൾ ആഭ്യന്തരമേഖല തകരാതിരിക്കാൻ മുൻകരുതലിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആഗോളവൽക്കരണത്തെ വിമർശിച്ചവരും ലൈസൻസ് രാജ് അവസാനിപ്പിക്കുക, സമ്പദ്മേഖല ചലനാത്മകമാക്കുക, മത്സരക്ഷമത കൈവരിക്കുക തുടങ്ങിയവയിൽ അനുകൂലമായിരുന്നു. സമ്പന്ന‐ മധ്യവർഗത്തിന് പ്രിയങ്കരനായ അദ്ദേഹം ഒരുദശകം പിന്നിടുമ്പോൾ പ്രധാനമന്ത്രിയായി. നേതാവോ മികച്ച പാർലമെന്റേറിയനോ അല്ലാത്ത സാമ്പത്തിക വിദഗ്ധനിലേക്ക് പദവി എത്തിയത് യാദൃച്ഛികമാണെങ്കിലും പിന്നിൽ ആഗോള മൂലധന ശക്തികളുടെ താൽപര്യമുണ്ടായിരുന്നു. അക്കാദമിക് മികവും അച്ചടക്കശീലവുമെല്ലാം അതിലേക്ക് വഴിയൊരുക്കപ്പെട്ടു. "ഒരു ആശയത്തെ അതിന്റെ സമയമെത്തിയാൽ തടയാൻ ഒരു ശക്തിക്കും കഴിയില്ല’എന്ന' വിക്ടർ ഹ്യൂഗോയുടെ വാക്കുകൾ ഉദ്ധരിച്ച് ധനമന്ത്രിയായി ആദ്യപ്രസംഗത്തിൽ മൻമോഹൻ കൈയടി നേടി. നവലിബറൽ പരിഷ്കരണങ്ങൾക്ക് മനുഷ്യ മുഖമുണ്ടാകണമെന്ന വാദവും ഉയർത്തി. പരിഷ്കരണത്തിന്റെ ഗുണം സാധാരണക്കാരനും കിട്ടണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ധനക്കമ്മി നേരിടാൻ അരപ്പട്ട മുറുക്കുക പഴഞ്ചൻ രീതിയാണ്. മുരടിപ്പ് മാറാനും വികസനത്തിനും ആഭ്യന്തര വളർച്ച കൂട്ടണം. അതിന് ഘടനാപരമായ പരിഷ്ക്കാരങ്ങൾ ആവശ്യമാണെന്നും വാദിച്ചു. അക്കാര്യത്തിൽ ചൈനീസ് നേതാവ് ഡെങ് സിയാവോ പിങ്ങിനോട് മൻമോഹനെ പി ചിദംബരം ഉപമിച്ചു. ഐഎംഎഫിൽ നിന്നും മറ്റും വൻ തുക വായ്പയെടുക്കാൻ തയ്യാറായത് വിമർശനമുയർത്തി. അതെല്ലാം തിരിച്ചടിയുണ്ടാക്കിയെങ്കിലും ധനകമ്മി കുറയ്ക്കാനായതും ജിഡിപി ഉയർന്നതുമെല്ലാം കൊട്ടിഘോഷിക്കപ്പെട്ടു. ഓഹരി വിപണി വിവാദത്തിൽ രാജിവെച്ചെങ്കിലും പ്രധാനമന്ത്രി സ്വീകരിച്ചില്ല. എന്നാൽ പ്രധാനമന്ത്രി പദത്തിലെ രണ്ടാമൂഴം തിരിച്ചടികളുടേതായി. അഴിമതി സാർവത്രികമാവുകയും സാമ്പദ് വ്യവസ്ഥ അരാജകമാവുകയും ചെയ്തു. പുകഴ്ത്തിയ വിദേശ മാധ്യമങ്ങളും നേതാക്കളും തിരിച്ചുപറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥ തിരിച്ചടി നേരിട്ടപ്പോൾ പരിഷ്കരണങ്ങളുടെ ദുരന്തഫലം ലോകമറിഞ്ഞു. മൻമോഹന്റെ നയങ്ങളെ വിലയിരുത്തി മൃണാൾദത്ത ചൗധരി ഒരു ലേഖനത്തിൽ പറഞ്ഞു: പരാജയത്തിന്റെ ലോകവും വിസ്തൃതമാണ്. സർക്കാർ ചെലവ് രീതികളും പൊതുമേഖലയുടെ പ്രവർത്തനവും പരിഷ്ക്കരിക്കപ്പെട്ടില്ല. അദ്ദേഹത്തെ വിമർശിച്ച ബിജെപി ആ നയങ്ങൾ അക്രമോത്സുകതയോടെ മുന്നോട്ടുകൊണ്ടുപോയതും ചരിത്രം. Read on deshabhimani.com