കെെവിട്ട കളി ; വെല്ലുവിളിച്ച് ജി 23 നേതാക്കൾ
ന്യൂഡൽഹി രാഹുൽ ഗാന്ധിയുടെയും കൂട്ടാളികളുടെയും ഒറ്റതിരിഞ്ഞുള്ള പ്രവർത്തനത്തിനെതിരെ പോരാടാനുറച്ച് കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ വിമതവിഭാഗമായ ജി 23. പരസ്യപ്രതികരണം പാടില്ലെന്ന പ്രവർത്തക സമിതി തീരുമാനം ലംഘിച്ച് ബുധനാഴ്‌ച ഗുലാംനബി ആസാദിന്റെ വസതിയിൽ നേതാക്കൾ യോഗം ചേർന്നു. രാത്രി വൈകി പരസ്യപ്രസ്‌താവനയും പുറത്തിറക്കി. കോൺഗ്രസിൽ കൂട്ടായ നേതൃത്വം വേണം. മൃദുഹിന്ദുത്വമല്ല പകരം ദേശീയതലത്തിൽ ബിജെപിക്ക് ശക്തമായ ബദലാകുകയാണ് വേണ്ടത്. ഇതിനായി സമാനമനസ്‌കരുമായി കോൺഗ്രസ് സഖ്യമുണ്ടാക്കണം. സംഘടനാ കാര്യങ്ങളിൽ വിശാലമായ കൂടിയാലോചന വേണമെന്നും പരസ്യപ്രസ്‌താവനയിൽ അറിയിച്ചു. അമരീന്ദർ സിങ്ങിനെ ഒരുകൂടിയാലോചനയും ഇല്ലാതെ പുറത്താക്കിയതിലടക്കമുള്ള പ്രതിഷേധമറിയിക്കാൻ വ്യാഴാഴ്‌ച ഗുലാംനബി അസാദ് സോണിയ ഗാന്ധിയെ കാണും. കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ്മ, ഭൂപീന്ദർ സിങ് ഹൂഡ, അമരീന്ദർ സിങ്ങിന്റെ ഭാര്യ പ്രണീത് കൗർ, മണിശങ്കർ അയ്യർ, രാജ് ബബ്ബർ, ശങ്കർ സിങ് വഗേല, സന്ദീപ് ദീക്ഷിത്, കുൽദീപ് ശർമ്മ, അഖിലേഷ് പ്രസാദ് സിങ്, രജീന്ദർ കൗർ ഭട്ടൽ, പി ജെ കുര്യൻ, ശശി തരൂർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. ഇതോടെ കോൺഗ്രസ് സോണിയാ കുടുംബ ഭക്തരെന്നും വിമർശകരെന്നും രണ്ട് ചേരിയായി പിളർന്ന സ്ഥിതിയിലാണ്. അഞ്ചു സംസ്ഥാനത്തെ ദയനീയ തോൽവിക്കുശേഷവും വിമർശകരെ കുടുംബഭക്തസംഘം കടന്നാക്രമിച്ചു. സോണിയാ കുടുംബം വഴിമാറണമെന്ന് പറഞ്ഞ കപിൽ സിബലിനെതിരെ രൂക്ഷവിമർശമാണുണ്ടായത്. സിബൽ നല്ല അഭിഭാഷകനാണെങ്കിലും നല്ല കോൺഗ്രസ് നേതാവല്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സിബൽ എവിടത്തെ നേതാവാണെന്ന് ലോക്‌സഭാ നേതാവ് അധിർ രഞ്ജൻ ചൗധുരി ചോദിച്ചു. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ, മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ് തുടങ്ങിയവരുംസോണിയാ കുടുംബത്തെ ശക്തമായി പിന്തുണച്ച് രംഗത്തുണ്ട്. രാജ്യസഭാ സീറ്റിനായി ശ്രീനിവാസൻ കൃഷ്‌ണനും കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർഥിപട്ടികയിൽ സോണിയാ കുടുംബത്തിന്റെ വിശ്വസ്‌തനായ എഐസിസി സെക്രട്ടറിയും മലയാളിയുമായ ശ്രീനിവാസൻ കൃഷ്‌ണനും. നിലവിൽ തെലങ്കാനയിലെ കോണ്ഗ്രസിന്റെ ചുമതലക്കാരനാണ്. വ്യവസായിയായ ശ്രീനിവാസൻ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയുടെ ബിസിനസ് പങ്കാളിയാണ്. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സഹായിയായി പ്രവർത്തിച്ചിരുന്നു. രാജ്യസഭാ സീറ്റ് മോഹികളിൽ ഒരാളായ എം ലിജു ബുധനാഴ്‌ച കെപിസിസി പ്രസിഡന്റ് കെ സുധാകരനുമൊത്ത് രാഹുൽ ഗാന്ധിയെ കണ്ടു. Read on deshabhimani.com