അസമിൽ ബുള്‍ബുള്‍ പോരിനും പോത്തു പോരിനും സമ്പൂർണ നിരോധനം
ഗുവാഹത്തി > അസമിലെ പരമ്പരാഗത ഉത്സവമായ ഭോഗാലി ബിഹു ഉത്സവത്തിൽ നടക്കുന്ന 'പോത്തു പോരും ബുള്‍ബുള്‍ പോരും' വിലക്കി അസം ഹൈക്കോടതി. ഇത്തരം പരിപാടികൾക്ക് അനുമതി നൽകിയ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (എസ്ഒപി) റദ്ദാക്കിക്കൊണ്ട് ഗുവാഹത്തി ഹൈക്കോടതിയാണ് പോര് നിരോധിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 27 ന് പാസാക്കിയ എസ്ഒപി തള്ളണമെന്ന് ആവശ്യപ്പെട്ട് പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പെറ്റ) സമർപ്പിച്ച ഹർജി ജസ്റ്റിസ് ദേവാഷിസ് ബറുവയുടെ സിംഗിൾ ജഡ്ജി ബെഞ്ച് പരിഗണിക്കുകയായിരുന്നു. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്റെയും 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെയും ലംഘനമാണ് ഇവയെന്ന് കോടതി പറഞ്ഞു. ഈ ഉത്സവങ്ങളിൽ മൃഗങ്ങളോട് ക്രൂരത കാട്ടുന്നുവെന്നാരോപിച്ച് പെറ്റ തെളിവുകൾ ഹാജരാക്കിയിരുന്നു. ഉത്സവത്തിൽ എരുമകളെ തല്ലുക, വടികൊണ്ട് കുത്തുക, മൂക്ക് കയറുകൊണ്ട് വലിക്കുക എന്നിവ ഉൾപ്പെടെയുള്ള ശാരീരിക പീഡനങ്ങൾക്ക് വിധേയമാക്കുന്നതായും പെറ്റ പ്രസ്‌താവനയിൽ പറഞ്ഞു. ബുൾബുൾ പക്ഷികളെ പിടികൂടി മയക്കുമരുന്ന് നൽകി പട്ടിണിക്കിടുന്നത് അക്രമാസക്തമാണെന്നും പെറ്റ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ വന്യജീവി നിയമങ്ങൾ പ്രകാരം സംരക്ഷിക്കപ്പെടുന്ന പക്ഷികളാണ് ബുൾബുൾ Read on deshabhimani.com