ഒളിമ്പിക്സിൽ പങ്കെടുക്കാൻ തട്ടിപ്പ് കാണിച്ചു; വിനേഷ് ഫോഗട്ടിനെ അധിക്ഷേപിച്ച്‌ ബ്രിജ് ഭൂഷൺ



ന്യൂഡൽഹി> ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ അധിക്ഷേപിച്ച്‌ ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാനും ബിജെപി മുൻ എംപിയുമായ ബ്രിജ് ഭൂഷൺ സിങ്. കോൺഗ്രസ് സ്ഥാനാർഥിയായി വിനേഷ് ഫോഗട്ടിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്‌ ബ്രിജ് ഭൂഷൺ രംഗത്തെത്തിയിരിക്കുന്നത്‌. ഒളിമ്പിക്സിൽ പങ്കെടുക്കാൻ വിനേഷ് തട്ടിപ്പ് കാണിച്ചെന്നും മെഡൽ ലഭിക്കാത്തത് ദൈവം നൽകിയ ശിക്ഷയാണെന്നുമാണ്‌ വിനേഷിനെതിരെ ബ്രിജ്ഭൂഷണിന്റെ വിമർശനം. മറ്റൊരു താരത്തിന് മത്സരിക്കാനുള്ള അവസരം ഇല്ലാതാക്കിയാണ് വിനേഷ് പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്തതെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ബജ്‌രംഗ് പുണിയ ട്രയൽസിൽ പങ്കെടുക്കാതെയാണ് ഏഷ്യൻ ഗെയിംസിൽ മത്സരിച്ചതെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു. കൂടാതെ ഹരിയാനയിൽ ബിജെപിക്കു വേണ്ടി പ്രചാരണത്തിനെത്തുമെന്നും ഏത് സ്ഥാനാർഥിക്കും വിനേഷിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനാകുമെന്നും ബ്രിജ്ഭൂഷൺ പറഞ്ഞു. ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ നിന്നാണ് വിനേഷ് കോൺഗ്രസ്‌ സ്ഥാനാർഥിയായി മത്സരിക്കുന്നത്‌. 31 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഒക്ടോബർ അഞ്ചിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. ഒളിമ്പിക്‌ ഫൈനലിനുമുമ്പ്‌ ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കിയതിനെതിരെ വനിതാ ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട് നൽകിയ അപ്പീൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി തള്ളിയിരുന്നു. വനിതകളുടെ 50 കിലോഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ച വിനേഷിന്‌ മത്സരദിനം നടന്ന ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലായിരുന്നു. ഇതോടെയാണ് അയോഗ്യയാക്കപ്പെട്ടത്. കഴിഞ്ഞ വർഷം ബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും ആരോപിച്ച് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുണിയ എന്നിവർ ഡൽഹിയിലെ ജന്തർമന്ദറിൽ പ്രതിഷേധിച്ചിരുന്നു. ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാൻ ബ്രിജ്ഭൂഷൺ രാജിവെയ്ക്കണമെന്നും ഗുസ്തി ഫെഡറേഷൻ ഭരണസമിതി പിരിച്ചുവിടണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധത്തെത്തുടർന്ന്‌ ഒളിമ്പിക്സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ പിടി ഉഷ, മേരികോം, യോഗേശ്വർ ദത്ത് എന്നിവർ ഉൾപ്പെട്ട അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തിതാരം ഉൾപ്പെടെ ഏഴുപേരാണ്‌  ബ്രിജ്ഭൂഷണെതിരെ ലൈംഗികാതിക്രമപരാതിയുമായി മുന്നോട്ടുവന്നത്‌.  #WATCH | "Haryana is the crown of India in the field of sports. And they stopped the wrestling activities for almost 2.5 years. Is it not true that Bajrang went to the Asian Games without trials? I want to ask those who are experts in wrestling. I want to ask Vinesh Phogat… pic.twitter.com/NQvMVS6dPF— ANI (@ANI) September 7, 2024 Read on deshabhimani.com

Related News