ഹരിയാനയിൽ അഴിഞ്ഞാടി ​ഗോരക്ഷാ​ഗുണ്ടകള്‍ ; പശുക്കടത്ത് സംശയിച്ച് 
വിദ്യാർഥിയെ വെടിവച്ചുകൊന്നു



ന്യൂഡൽഹി ഹരിയാനയിലെ ഫരിദാബാദിൽ പന്ത്രണ്ടാം ക്ലാസ്‌ വിദ്യാർഥിയെ പശുക്കടത്തുകാരനെന്ന്‌ തെറ്റിദ്ധരിച്ച്‌ ഗോരക്ഷാ ഗുണ്ടകൾ വെടിവച്ചുകൊന്നു. ആഗസ്‌റ്റ്‌ 24ന്‌ പുലർച്ചെയാണ്‌ ഫരീദാബാദിലെ ഓപ്പൺ സ്‌കൂൾ വിദ്യാർഥിയായ ആര്യൻ മിശ്ര(19)യെ പൽവലിന് സമീപം 30 കിലോമീറ്ററോളം കാറിൽ പിന്തുടർന്ന്‌ വകവരുത്തിയത്‌. ആര്യന്റെ കഴുത്തിനും നെഞ്ചിനുമാണ്‌ വെടിയേറ്റത്‌. സംഭവത്തിൽ, അനിൽ കൗശിക്, വരുൺ, സൗരഭ്, കൃഷൻ, ആദേശ് എന്നിവർ പിടിയിലായി. ഇവരെ റിമാൻഡ്‌ ചെയ്‌തു. ഡസ്റ്റർ കാറിൽ പശുക്കടത്തുകാർ പോകുന്നെന്ന ‘വിവരം’ ലഭിച്ചതിനെ തുടർന്നാണ്‌ പിന്തുടർന്നതെന്നാണ്‌ പ്രതികളുടെ മൊഴി. ആര്യനും സുഹൃത്തുക്കളായ ഹർഷിത്‌ ഗുലാത്തി, സുജാത, ഷാങ്കി, സാഗർ, കിർതി എന്നിവരാണ്‌ രാത്രി കാർ യാത്രയ്‌ക്കിടെ ആക്രമണത്തിന്‌ ഇരയായത്‌. പശുക്കടത്തുകാരാണെന്ന്‌ കരുതി അക്രമിസംഘം ഇവരുടെ കാർ തടയാൻ ശ്രമിച്ചു. വാഹനമോടിച്ചിരുന്ന ഹർഷിത്‌ വേഗത കൂട്ടി. ഇതോടെ ഇവരെ കാറിൽ പിന്തുടർന്ന അക്രമികൾ ഡൽഹി–- ആഗ്ര ദേശീയപാതയിൽ ഗന്ധ്‌പുരി ടോളിന്‌ സമീപത്തുവച്ച്‌ വെടിവച്ചു. മുൻ സീറ്റിലിരുന്ന ആര്യന്റെ കഴുത്തിലാണ്‌ വെടിയേറ്റത്‌. ഹർഷിത് വാഹനം നിർത്തിയതോടെ പിന്നാലെയെത്തിയ അക്രമികൾ ആര്യന്റെ നെഞ്ചിലേക്ക്‌ വീണ്ടും നിറയൊഴിച്ചശേഷം കടന്നുകളഞ്ഞു. ആര്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാറിലുണ്ടായിരുന്ന ഷാങ്കി മറ്റൊരാളുമായുള്ള പ്രശ്‌നത്തിൽ കേസ്‌ നൽകിയിരുന്നു. അവർ അയച്ച ഗുണ്ടകളാണെന്ന്‌ കരുതിയാണ്‌ വാഹനം നിർത്താതെ പോയതെന്ന്‌ വിദ്യാർഥികൾ പറഞ്ഞു. പിന്നീട്‌ പൊലീസ്‌ അന്വേഷണത്തിലാണ്‌ അക്രമികൾ ഗോരക്ഷാ ഗുണ്ടകളാണെന്ന്‌ തിരിച്ചറിഞ്ഞത്‌. അക്രമികൾ കാർ പിന്തുടരുന്നതിന്റെ ടോൾ പ്ലാസയിൽ നിന്നുള്ള സിസിടിവി ദൃശ്യം പുറത്തുവന്നു. ബീഫ്‌ കഴിച്ചെന്നാരോപിച്ച്‌ ഇതരസംസ്ഥാന തൊഴിലാളിയെ ഹരിയാനയില്‍ ആഗസ്‌റ്റ്‌ 27ന്‌  ആൾക്കൂട്ടം ആക്രമിച്ച്‌ കൊലപ്പെടുത്തിയിരുന്നു. പശുസംരക്ഷണത്തിൽ വിട്ടുവീഴ്‌ചയില്ലെന്നാണ്‌ ഈ സംഭവത്തോട് ഹരിയാന മുഖ്യമന്ത്രി നയബ്‌സിങ്‌ സൈനി പ്രതികരിച്ചത്‌. മഹാരാഷ്‌ട്രയിൽ ബീഫ്‌ കൈവശംവെച്ചുവെന്ന്‌ ആരോപിച്ച്‌ വയോധികനെ ട്രെയിനിൽ അക്രമിച്ചത്‌ ദിവസങ്ങൾക്ക്‌ മുമ്പാണ്‌. മാസങ്ങൾക്ക്‌ മുമ്പ്‌ പശുക്കടത്താരോപിച്ച്‌ യുപി സ്വദേശികളായ മൂന്ന്‌ യുവാക്കളെ ഛത്തീസ്‌ഗഢിൽവെച്ച്‌ ഗോരക്ഷാ ഗുണ്ടകൾ കൊലപ്പെടുത്തി. Read on deshabhimani.com

Related News