പശുക്കടത്താരോപിച്ച്‌ കൊലപാതകം ; മുസ്ലിമെന്ന്‌ കരുതിയാണ് 
കൊന്നതെന്ന് മുഖ്യപ്രതി



ന്യൂഡൽഹി ഹരിയാനയിലെ ഫരീദാബാദിൽ പത്തൊമ്പതുകാരൻ ആര്യൻ മിശ്ര(19)യെ വെടിവച്ചുകൊന്ന "ഗോരക്ഷകർ' തന്നോട്‌ മാപ്പ്‌ പറഞ്ഞെന്ന്‌ പിതാവ്‌. പ്രധാന പ്രതി അനിൽ കൗശിക്കിനെ ആഗസ്‌ത്‌ 27ന്‌ ജയിലിൽ സന്ദർശിച്ചപ്പോഴാണിതെന്ന്‌ ആര്യന്റെ  പിതാവ്‌ സിയാനന്ദ്‌ മിശ്ര പറഞ്ഞു.  മുസ്ലിമാണെന്ന്‌ കരുതിയാണ് ആര്യനെ കൊലപ്പെടുത്തിയതെന്നും  ഒരു ബ്രാഹ്മണനെ കൊന്നതിൽ ഖേദിക്കുന്നുവെന്നും കൗശിക്‌ പറഞ്ഞു. എന്തിനാണ്‌ മുസ്ലിമിനെ കൊല്ലുന്നതെന്നും പശുവിന്റെ പേരിൽ മാത്രമാണോയെന്നും ചോദിച്ചു. പൊലീസിനെ വിളിക്കാമായിരുന്നില്ലേയെന്നും എന്തിനാണ് നിയമം കെെയിലെടുക്കുന്നത്‌ എന്നും ചോദിച്ചെങ്കിലും കൗശിക്‌ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോരക്ഷകർക്ക്‌ നിയമം കെെയിലെടുക്കാൻ കഴിയുന്ന സ്ഥിതിയുള്ളതുകൊണ്ടാണ്  ആളുകളെ വെടിവെച്ചുകൊല്ലുന്നത്. ഗോരക്ഷയുടെ പേരിലുള്ള  നിയമവിരുദ്ധത അവസാനിപ്പിക്കണം. അതിനെ അംഗീകരിക്കുന്നില്ല–-സിയാനന്ദ്‌ പറഞ്ഞു. ആര്യന്‌ നീതി ലഭ്യമാക്കണന്നാവശ്യപ്പെട്ട്‌ പ്രദേശത്ത്‌ പോസ്‌റ്ററുകളും പ്രത്യക്ഷപ്പെട്ടു. അതേസമയം നിശ്ചയിച്ചിരുന്ന മെഴുകുതിരി മാർച്ച്‌ പൊലീസ്‌ തടഞ്ഞെന്ന്‌ ആര്യന്റെ സഹോദരൻ അജയ്‌ മിശ്ര പറഞ്ഞു.   Read on deshabhimani.com

Related News