പശുക്കടത്ത് ആരോപിച്ച് 3 യുവാക്കളുടെ കൊല ; ഗോരക്ഷാഗുണ്ടകളെ വെള്ളപൂശി
റായ്പുര്‍ ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢിൽ പശുക്കടത്ത് ആരോപിച്ച് മൂന്ന് യുപി സ്വദേശികളെ ‘ഗോരക്ഷാഗുണ്ടകള്‍’ അടിച്ചുകൊന്ന സംഭവത്തിൽ പ്രതികളെ രക്ഷിക്കാന്‍ പൊലീസ്. യുവമോര്‍ച്ച മഹാസമുന്ദ് ജില്ലാ പ്രചാരണതലവൻ രാജ അഗര്‍വാള്‍ അടക്കം അഞ്ചുപേരാണ് അറസ്റ്റിലായത്. ഇവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് റായ്പുര്‍ കോടതിയിൽ പ്രത്യേക അന്വേഷക സംഘം സമര്‍പ്പിച്ചത്. അഞ്ചുപ്രതികളും പശുക്കടത്ത് സംശയിച്ച് 53 കിലോമീറ്റര്‍ ട്രക്കിനെ പിന്തുടര്‍ന്നെങ്കിലും ആരും ഇവരെ ആക്രമിച്ചില്ലെന്നാണ് "കണ്ടെത്തല്‍'. പ്രതികള്‍ ആണിതറച്ച മരക്കഷണങ്ങളും കല്ലും ട്രക്കിന് നേരെ എറിഞ്ഞു. ടയര്‍ കേടായതോടെ ട്രക്ക് മഹാനദിക്ക് മുകളിലെ പാലത്തിൽ നിര്‍ത്തി. ട്രക്കിലുണ്ടായിരുന്ന മൂന്നു പേരും പാലത്തിന് മുകളിൽ നിന്ന് ചാടിയെന്നും കുറ്റപത്രത്തിൽ പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യ അടക്കം ദുര്‍ബലവകുപ്പ് ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ക്ഷേത്രനഗരിയായ അരംഗിൽ ജൂൺ ഏഴിന് രാത്രിയായിരുന്നു ആക്രമണം. യുപിയിലെ സഹാരൻപുര്‍ സ്വദേശികളായ ചാന്ദ് മിയാഖാൻ(23) സംഭവസ്ഥലത്തുവച്ചും ഗുഡ്ഡു ഖാൻ (35) ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും മരിച്ചു. സദ്ദാം ഖുറേഷി ചികിത്സയിലിരിക്കെ ജൂൺ 18നുമാണ് മരിച്ചത്. ട്രക്കിൽ പോത്തുകളുമായി പോയപ്പോള്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്ന് സദ്ദാം ഖുറേഷി ബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നു. രണ്ടു മണിക്കൂറോളം ഇവരെ മർദിച്ചെന്ന് ബന്ധുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. Read on deshabhimani.com