സൗരോർജ കരാറിന് 2029 കോടി കോഴ ; അദാനിക്ക് യുഎസിൽ അറസ്‌റ്റ് വാറണ്ട്
ന്യൂഡൽഹി സൗരോർജ വൈദ്യുതി വിൽപ്പന കരാർ നേടിയെടുക്കാൻ ഇന്ത്യയിൽ രണ്ടായിരം കോടിയിലേറെ രൂപയുടെ കോഴയിടപാട് നടത്തിയതിന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി എന്നിവരടക്കം എട്ടുപേർക്കെതിരെ അമേരിക്കയിലെ ന്യൂയോർക്ക് ഗ്രാൻഡ് ജൂറി കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റ്‌വാറണ്ട് പുറപ്പെടുവിച്ചതോടെ ഇവർ അമേരിക്കയിൽ വിചാരണ നേരിടണം. കരാർ നേടിയെടുക്കാൻ അമേരിക്കൻ നിക്ഷേപകരിൽനിന്ന് പല ഘട്ടങ്ങളിലായി 34000 കോടിയോളം രൂപ അദാനി ഗ്രൂപ്പ് സമാഹരിച്ചതാണ് നിയമനടപടികൾക്ക് വഴിവെച്ചത്. അദാനി ഗ്രൂപ്പിനൊപ്പമുള്ള അസുർ പവർ കമ്പനി ന്യൂയോർക്ക് ഓഹരിവിപണിയിൽ ഇടപാടുകൾ നടത്തിയതും നിയമനടപടിക്ക് കാരണമായി. അമേരിക്കയുമായി ഇന്ത്യക്ക് കുറ്റവാളികളെ കൈമാറൽ കരാറുള്ളതിനാൽ അദാനിയെ സംരക്ഷിക്കുക മോദിസർക്കാരിന് എളുപ്പമാവില്ല. കോഴയിടപാടിലൂടെ നേടിയ വൈദ്യുതി കരാർ ഉയർത്തിക്കാട്ടി പണം സമാഹരിച്ച കുറ്റത്തിന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമീഷൻ (എസ്‌ഇസി) അദാനിക്കും കൂട്ടാളികൾക്കുമെതിരെ സിവിൽ കുറ്റവും ചുമത്തി. കോഴക്കളി ഇങ്ങനെ അദാനി ഗ്രീൻ എനർജിയും അസുർ കമ്പനിയും കേന്ദ്രസർക്കാരിന് കീഴിലുള്ള സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി ധാരണയായി. 12 ജിഗാവാട്ട് സൗരോർജ വൈദ്യുതിയാണ് അദാനിയിൽനിന്ന് എസ്‌ഇസിഐ വാങ്ങേണ്ടത്. എസ്‌ഇസിഐയിൽനിന്ന് സൗരോർജ വൈദ്യുതി ഉയർന്ന വിലയ്‌ക്ക് വാങ്ങാൻ സംസ്ഥാന വൈദ്യുതി വിതരണ കമ്പനികൾ തയ്യാറാകാതിരുന്നതോടെ അദാനി നേരിട്ടിറങ്ങി. ‘‘2021 ആഗസ്‌ത്–- നവംബർ കാലയളവിൽ ആന്ധ്രയിലെ ഭരണത്തിലെ ഉന്നതനുമായി മൂന്നുവട്ടം അദാനി കൂടിക്കാഴ്‌ച നടത്തി. 2029 കോടി രൂപ കോഴ വാഗ്‌ദാനം ചെയ്‌തു. ഇതിൽ 1750 കോടി രൂപ ആന്ധ്രയിലെ ഉന്നതന് മാത്രം നൽകി’’യെന്നും കേസ് രേഖയിൽ പറയുന്നു. ഈ കാലയളവിൽ മുഖ്യമന്ത്രിയായിരുന്ന ജഗൻമോഹൻ റെഡ്ഡിയുമായി അദാനി കൂടിക്കാഴ്‌ച നടത്തിയതായി വാർത്തയുണ്ടായിരുന്നു. അദാനിയിൽനിന്ന് ഏഴ് ജിഗാവാട്ട് സൗരോർജ വൈദ്യുതി ഉയർന്ന വിലയ്‌ക്ക് വാങ്ങാൻ ആന്ധ്ര സന്നദ്ധമായി. തമിഴ്‌നാടും ഛത്തീസ്‌ഗഡും ഒഡിഷയും ജമ്മു കശ്‌മീരും വൈദ്യുതി വാങ്ങാൻ ധാരണയിലെത്തി. Read on deshabhimani.com