എഴുതി നൽകിയ ബോർഡിംഗ് പാസിന്റെ ചിത്രങ്ങൾ വൈറൽ; പ്രതികരിച്ച് ഇൻഡിഗോ
ന്യൂഡൽഹി > മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രവർത്തനരഹിതമായതോടെ ഇൻഡിഗോ എയർലൈൻസ് യാത്രക്കാർക്ക് എഴുതി നല്‍കിയ ബോര്‍ഡിംഗ് പാസിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. റെട്രോ വൈബ് നിങ്ങളുടെ യാത്രയെ കുറച്ചുകൂടി അവിസ്മരണീയമാക്കിയെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന കുറിപ്പോടെ ഇൻഡിഗോ തന്നെയാണ് യാത്രക്കാരൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ചത്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രവർത്തനം തകരാറിലായതോടെ ഇന്ത്യയിലടക്കം വിമാനത്താവളങ്ങളിൽ പ്രതിസന്ധി നേരിട്ടിരുന്നു. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ചെക്ക്-ഇന്‍ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ടിക്കറ്റില്‍ ബോര്‍ഡിംഗ് പാസ് എഴുതി നല്‍കി. അക്ഷയ് കോത്താരി എന്ന യാത്രക്കാരനാണ് ചിത്രം എക്സിൽ പങ്കുവച്ചത്. ചിത്രം വൈറലായതോടെ ഇൻഡിഗോ പ്രതികരിക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക തകരാർ കാരണമാണ് ബോര്‍ഡിംഗ് പാസ് എഴുതി നല്‍കേണ്ടി വന്നത്. ഈ പ്രതിസന്ധിയിൽ ക്ഷമയോടെ സഹകരിച്ച എല്ലാ യാത്രക്കാര്‍ക്കും നന്ദിയറിയിക്കുന്നതായും ഇൻഡിഗോ എക്സിൽ പങ്കുവച്ച ട്വീറ്റിൽ പറയുന്നു. Read on deshabhimani.com