ഹരിയാന ബിജെപിയിൽ പൊട്ടിത്തെറി; എട്ട് പേരെ പാർടിയിൽ നിന്ന്‌ പുറത്താക്കി

photo credit: X


ന്യൂഡൽഹി> നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ ഹരിയാന ബിജെപിയിൽ നിന്ന്‌ എട്ട് വിമതരെ പുറത്താക്കി.  ആറ് വർഷത്തേക്കാണ്‌ ഇവരെ പുറത്താക്കിയത്‌. ഹരിയാന നിയമസഭയിലേക്ക്‌ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച മുൻ മന്ത്രി രഞ്ജിത് ചൗട്ടാലയും പുറത്താക്കിയവരുടെ പട്ടികയിലുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മോഹൻ ലാൽ ബദോലി പറഞ്ഞു. മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നിക്കെതിരെ ലാദ്‌വയിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ച സന്ദീപ് ഗാർഗിനെയും പാർടിയിൽ നിന്ന്‌ പുറത്താക്കി. അസാന്ദിൽ നിന്ന്‌ മത്സരിക്കുന്ന സൈൽ റാം ശർമ്മ, സഫിദോയിൽ നിന്നുള്ള മുൻ മന്ത്രി ബച്ചൻ സിംഗ് ആര്യ, മെഹാമിൽ നിന്ന് രാധ അഹ്ലാവത്, ഗുഡ്ഗാവിൽ നിന്ന് നവീൻ ഗോയൽ, ഹതിനിൽ നിന്ന് കെഹാർ സിംഗ് റാവത്ത്, മുൻ എംഎൽഎ ദേവേന്ദ്ര കദ്യാൻ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് ആറ് നേതാക്കൾ. റാനിയയിൽ നിന്ന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് രഞ്ജിത് ചൗട്ടാല പാർടി വിടാൻ തീരുമാനിച്ചത്. നേതാക്കൾക്കിടയിൽ ഐക്യം കൊണ്ടുവരാൻ കഴിയാത്ത ഒരു പാർടിക്ക് എങ്ങനെ സംസ്ഥാനത്ത് സ്ഥിരത കൊണ്ടുവരാൻ കഴിയുമെന്ന  ചോദ്യം ഇന്നലെ  പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരെ ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ്‌ ബിജെപിയിൽ നിന്നും നേതാക്കളെ പുറത്താക്കിയത്‌. 90 അംഗ ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ അഞ്ചി ന് നടക്കും. ഒക്ടോബർ എട്ടിന്‌ വോട്ടെണ്ണും. Read on deshabhimani.com

Related News