ഹരിയാനയില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല



അംബാല ബീഫ് കഴിച്ചെന്നാരോപിച്ച് ഹരിയാനയില്‍ കുടിയേറ്റത്തൊഴിലാളിയായ മുസ്ലീം യുവാവിനെ ഗോരക്ഷാ ​ഗുണ്ടകള്‍ അടിച്ചുകൊന്നു. ഡല്‍ഹിയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ ചാര്‍ഖി ദാ​ദ്രിയിലാണ് ചൊവ്വാഴ്ച ബീഫിന്റെ പേരില്‍  ആള്‍ക്കൂട്ടക്കൊല അരങ്ങേറിയത്. പാഴ്‌വസ്തുക്കള്‍ ശേഖരിച്ച്  ഉപജീവനം നടത്തുന്ന പശ്ചിമബം​ഗാള്‍ സ്വദേശി സാബിറാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അസം സ്വദേശി അസിറുദീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.      ഇവരെ താമസസ്ഥലത്തുനിന്ന്‌  ബസ് സ്റ്റാൻഡിനടുത്തുള്ള കടയിൽ കൊണ്ടുപോയി തടിക്കഷണംകൊണ്ട് തല്ലുകയായിരുന്നു. അവിടെയുള്ളവര്‍ ഇടപെട്ടപ്പോള്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചുകൊന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം ഏഴുപേര്‍ പിടിയിലായി. ഇവരെല്ലാം ​ഗോരക്ഷാ പ്രവര്‍ത്തകരാണെന്ന് എഫ്ഐആറില്‍ പറയുന്നു. സംഭവം ദൗർഭാ​ഗ്യകരമാണെങ്കിലും ​ഗോംസരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലെന്ന്‌ ഹരിയാന മുഖ്യമന്ത്രി നയബ് സിങ് സൈനി പറഞ്ഞു. Read on deshabhimani.com

Related News