ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലം
ന്യൂഡൽഹി> ഹരിയാന, ജമ്മുകശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലം ഇന്ന്. രാത്രി ഏഴുമണിയോടെ ഹരിയാനയിൽ വോട്ടെടുപ്പ് അവസാനിക്കുന്നതോടെയാണ് ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലം പുറത്തു വരിക. നിലവിലെ സൂചനകൾ കശ്‌മീരിലും ഹരിയാനയിലും കോൺഗ്രസിനനുകൂലമാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഹരിയാനയിലെ വോട്ടെണ്ണൽ ഒക്ടോബർ എട്ടിന് നടക്കും. 1031 സ്ഥാനാർത്ഥികളാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ 101 പേർ സ്ത്രീകളായിരുന്നു. ഹരിയാന തെരഞ്ഞെടുപ്പിൽ 90ൽ 89 സീറ്റുകളിലും ബിജെപിയും കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തി. സിപിഐ എം ഒരു സീറ്റിലും ജെജെപി, ആസാദ് സമാജ് പാർടി സഖ്യം 78 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതിൽ ജെജെപി 66 സീറ്റുകളിലും എഎസ്പി 12 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഐഎൽഎൻഡി 51 സീറ്റുകളിലും ബിഎസ്‌പി 35 സീറ്റുകളിലും ആം ആദ്മി പാർടി 88 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. 2019 നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ ബിജെപി 40 സീറ്റുകൾ നേടിയിരുന്നു. ബിജെപിയുടെ വോട്ട് വിഹിതം 36.49% ആയിരുന്നു. കോൺഗ്രസിന്റെ വോട്ട് വിഹിതം 28.08% , ജെജെപിയുടേത് 14.80%, ഐഎൻഎൽഡിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. ഹരിയാനയിൽ ഭരണം നിലനിർത്താനായി ബിജെപി നെട്ടോട്ടമോടുകയാണ്. ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ബിജെപിയിലും കോൺഗ്രസിലും സീറ്റ് ലഭിക്കാത്തവർ വിമതരായി മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി ഉൾപ്പെടെ ബിജെപി നേതാക്കൾക്കെതിരെ സ്വതന്ത്രരായി മത്സരിക്കുന്ന വിമത നേതാക്കളെ പാർടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കോൺഗ്രസിലും വിമതർ മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കാൻ തീരുമാനിച്ച 13 നേതാക്കളെ കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് ആണ് കോൺഗ്രസിൽ മത്സരിക്കുന്നുണ്ട്. ഹരിയാനയിൽ ഭരണം തിരിച്ചുപിടിക്കാൻ ഏഴ് ഗാരന്റികളടങ്ങിയ പ്രകടനപത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയത്. സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ, 300 യൂണീറ്റ് വരെ സൗജന്യ വൈദ്യുതി തുടങ്ങിയവ ഉൾപ്പെടെ കർഷകരെയും സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ളതാണ് പ്രകടന പട്ടിക. കനത്ത സുരക്ഷയിൽ മൂന്നു ഘട്ടമായാണ് ജമ്മുകശ്‌മീരിൽ തെരഞ്ഞെടുപ്പ് നടന്നത്. പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. ആദ്യഘട്ട വോട്ടെടുപ്പില്‍ 61.13 ശതമാനവും രണ്ടാം ഘട്ടത്തില്‍ 56.31 ശതമാനവും മൂന്നാം ഘട്ടത്തിൽ 65.48 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. Read on deshabhimani.com