ഹരിയാന റോഡ്‌വേയ്‌സ് സ്വകാര്യവൽക്കരിക്കുന്നു
ന്യൂഡൽഹി ഹരിയാന സംസ്ഥാന റോഡ് വേയ്‌സ് സ്വകാര്യവൽക്കരിക്കാൻ ബിജെപി സർക്കാർ വിജ്ഞാപനം ഇറക്കി. 362 റൂട്ടും 3,658 സ്‌റ്റേറ്റ് കാര്യേജ് പെര്‍മിറ്റും സ്വകാര്യ മേഖലയ്‌ക്ക് നൽകാനാണ് തീരുമാനം. 2014ൽ 4,500 ബസ് ഉണ്ടായിരുന്ന ഹരിയാന റോഡ് വേയ്സിന് ഇപ്പോൾ 1500 ബസ് മാത്രമാണുള്ളത്. 3,658 സ്‌റ്റേറ്റ് കാര്യേജ് പെർമിറ്റ് സ്വകാര്യ മേഖലയ്‌ക്ക് അനുവദിക്കുന്നതോടെ പൊതുമേഖലാ ഗതാഗത സംവിധാനം ഇല്ലാതാകും. സ്വകാര്യവൽക്കരണ നീക്കം നിർത്തിവെയ്‌ക്കണമെന്ന് ഓൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ഹരിയാന സർക്കാരിനോട് ആവശ്യപ്പെട്ടു. സ്വകാര്യവൽക്കരണത്തിനെതിരെ ഫെഡറേഷൻ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ട്രഷറർ സി കെ ഹരികൃഷ്‌ണൻ പറഞ്ഞു. മധ്യപ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 2005ൽ അടച്ചു പൂട്ടിയത് ബിജെപി സർക്കാരാണ്. കേരളആർടിസിക്ക് 11,000 കോടി രൂപയുടെ സഹായം അനുവദിച്ച എൽഡിഎഫ് സർക്കാരിനെ വിമർശിക്കുന്നവർ, വിവിധ സംസ്ഥാനങ്ങളിൽ പൊതുഗതാഗത കോർപറേഷനുകളോട് ബിജെപി, കോൺഗ്രസ് സർക്കാരുകൾ എടുക്കുന്ന സമീപനം എന്താണെന്ന് കണ്ണു തുറന്ന് കാണണമെന്നും സി കെ ഹരികൃഷ്‌ണൻ പറഞ്ഞു. Read on deshabhimani.com