ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി, ഇന്ത്യ മുന്നണി
ന്യൂഡൽഹി> ഹരിയാനയിലെയും ജമ്മുകശ്‌മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. സ്ട്രോം റൂമുകൾ തുറന്നു. ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ ആണ്. എട്ടരയോടെ ആദ്യ ഫലസൂചന വരും. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യ ഘട്ടത്തിൽ കശ്മീരിൽ നാഷണൽ കോൺഫറൻസ് സഖ്യം ഒമ്പത് സീറ്റിൽ മുന്നിട്ട് നിൽക്കുന്നു. ഹരിയാനയിൽ ആദ്യഘട്ട വോട്ടെണ്ണലിൽ കോൺഗ്രസ് 15 സീറ്റിലും ബിജെപി ഏഴ് സീറ്റിലും ലീഡ് ചെയ്യുന്നു. ഹരിയാനയിൽ കോൺഗ്രസ് വൻ വിജയം നേടുമെന്നും ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്- –- കോൺഗ്രസ് സഖ്യം ഏറ്റവും വലിയ കക്ഷിയായി ഉയരുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു. എക്‌സിറ്റ് പോൾ ശരിയായാൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടാൻ കഴിയാത്തതിനു ശേഷം ബിജെപി നേരിടുന്ന വലിയ തിരിച്ചടിയാകും ഇത്. ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്ക് ശനിയാഴ്‌ച വോട്ടെടുപ്പ് നടന്നു. 1031 സ്ഥാനാർത്ഥികളാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ 101 പേർ സ്ത്രീകളായിരുന്നു. 65.65 ശതമാനമായിരുന്നു പോളിംഗ്. കനത്ത സുരക്ഷയിൽ മൂന്നു ഘട്ടമായാണ് ജമ്മുകശ്‌മീരിൽ തെരഞ്ഞെടുപ്പ് നടന്നത്. പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. ആദ്യഘട്ട വോട്ടെടുപ്പിൽ 61.13 ശതമാനവും രണ്ടാം ഘട്ടത്തിൽ 56.31 ശതമാനവും മൂന്നാം ഘട്ടത്തിൽ 65.48 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. Read on deshabhimani.com