കനത്ത മഴ; പ്രളയക്കെടുതിയിലമർന്ന്‌ യുപി, ബിഹാർ



ന്യൂഡൽഹി> ഉത്തരാഖണ്ഡിലും നേപ്പാളിലും പെയ്‌ത പേമാരിയിൽ ഹിമാലയൻ നദികൾ നിറഞ്ഞതോടെ പ്രളയക്കെടുതിയിലമർന്ന്‌ യുപിയിലെയും  ബിഹാറിലെയും ഗ്രാമങ്ങൾ. യുപിയിൽ ഗാങ്‌ര, ഗോമതി, രാംഗംഗ, കനൗത്, ഗാര തുടങ്ങിയ നദികളിൽ ജലനിരപ്പ്‌ ക്രമാതീതമായി ഉയർന്നത്‌ 16 ജില്ലകളിലെ രണ്ടര ലക്ഷത്തോളംപേരെ ബാധിച്ചു. വലിയ തോതിൽ കൃഷിനാശവും സംഭവിച്ചു. യുപിയിൽ മഴക്കെടുതികളിൽ സംസ്ഥാനത്ത്‌ എഴുപതിലേറെ പേർ മരിച്ചു. ആയിരക്കണക്കിനാളുകൾ ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളിലാണ്‌.    ബിഹാറിൽ ബാഗ്‌മതി നദിയിൽ ജലനിരപ്പുയർന്നതോടെ മുസഫർപുർ ജില്ല ഭാഗികമായി വെള്ളത്തിൽ മുങ്ങി. 16 പഞ്ചായത്തുകൾ പ്രളയബാധിതമായി തുടരുകയാണ്‌. ദിവസങ്ങളായി മഴക്കെടുതികളാൽ ബുദ്ധിമുട്ടിയിട്ടും അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയാണ്‌ ജനങ്ങൾക്കുള്ളത്‌. നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്‌.    യുപിയിലെ ആറ്‌ ജില്ലകളിൽ ഇപ്പോഴും പ്രളയസ്ഥിതി രൂക്ഷം. പ്രളയസാഹചര്യം മുൻകൂട്ടി കണ്ട്‌ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ ആദിത്യനാഥ്‌ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന്‌ പ്രതിപക്ഷ പാർടികൾ കുറ്റപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന്‌ വലിയ കാലതാമസമുണ്ടായെന്നും മരണസംഖ്യ ഉയരാൻ ഇതിടയാക്കി.  Read on deshabhimani.com

Related News