തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; ശ്രീവൈകുണ്ഠത്ത് പ്രളയ മുന്നറിയിപ്പ്
ചെന്നൈ > തമിഴ്നാട്ടിൽ ശമനമില്ലാതെ തുടർന്ന് മഴ. കനത്ത മഴയെത്തുടർന്ന് ശ്രീവൈകുണ്ഠത്തും പരിസരപ്രദേശങ്ങളിലും തൂത്തുക്കുടി ജില്ലാ ഭരണകൂടം പ്രളയ മുന്നറിയിപ്പ് നൽകി. കനത്തമഴയെ തുടർന്ന് താമ്രപർണി നദി കരകവിഞ്ഞൊഴുകിയതോടയാണ് പ്രളയ മുന്നറിയിപ്പ് നൽകിയത്. നദീതീരങ്ങളിലുള്ളവർക്ക് മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തെക്കൻ തമിഴ്നാട്ടിലാണ് മഴ ശക്തമായി തുടരുന്നത്. പൊലീസിനും ഫയർ ഫോഴ്സിനും ദുരന്ത നിവാരണ സേനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ധർമ്മപുരി, കരൂർ, കടലൂർ, മയിലാടുത്തുറൈ, പുതുക്കോട്ടൈ, നാമക്കൽ, തിരുച്ചി, തഞ്ചാവൂർ, തിരുനെൽവേലി, പുതുച്ചേരി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് തീവ്രമഴയാണ് പ്രവചിക്കുന്നത്. ചെന്നൈയിൽ കനത്ത മഴയെത്തുടർന്ന് റെഡ്ഹിൽസ്, ചെമ്പരമ്പാക്കം ജലസംഭരണികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിരിക്കുകയാണ്. ജലസംഭരണികൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ പൊതുമരാമത്ത് വകുപ്പ് ആദ്യ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Read on deshabhimani.com