കുറ്റങ്ങൾ പെരുകുന്നു; 15 സംസ്ഥാനങ്ങളിൽ അതിവേഗ കോടതിയില്ല
ന്യൂഡൽഹി > ബലാത്സംഗക്കേസുകളും കുട്ടികൾക്കെതിരായ അതിക്രമങ്ങളും രാജ്യത്തെങ്ങും പെരുകുമ്പോഴും 15 സംസ്ഥാനങ്ങളും- ഏതാനും കേന്ദ്രഭരണപ്രദേശങ്ങളും പ്രത്യേക അതിവേഗ കോടതികൾ (എഫ്‌ടിഎസ്‌സി) സ്ഥാപിക്കാൻ നടപടിയില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ സ്‌ത്രീ പീഡന കേസുകൾ റിപ്പോർട്ട് ചെയ്‌ത ഉത്തർപ്രദേശിലും വെറ്ററിനറി ഡോക്ടറുടെ കൊലപാതകം നടന്ന തെലങ്കാനയിലും പ്രത്യേക കോടതിയില്ല. ബലാത്സംഗക്കേസുകളിലും പോക്‌സോ കേസുകളിലും അതിവേഗം വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്നതിനാണ് പ്രത്യേക അതിവേഗ കോടതികൾ. ഈ വർഷം ജൂലൈയിൽ 1023 പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിൽ സ്ഥാപിക്കുന്ന 56 അതിവേഗ കോടതികളിൽ 28എണ്ണത്തിന് കേന്ദ്രാനുമതി ലഭിച്ചു. കേരളത്തിന് പ്രാരംഭ പ്രവർത്തനങ്ങൾക്കായി ആറുകോടി രൂപയും അനുവദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിലുള്ള 1,66,882 കേസുകൾ ഉടൻ തീർപ്പാക്കാനാണ് പ്രത്യേക അതിവേഗ കോടതി രൂപീകരിക്കാൻ ആവശ്യപ്പെട്ടത്. നവംബർ 13ന് സുപ്രീംകോടതിയും ഇതേ നിർദേശം മുന്നോട്ടുവച്ചു. രാജ്യത്താകെ സ്ഥാപിക്കുന്ന 1023 എഫ്‌ടിഎസ്‌സികളിൽ 389എണ്ണം പോക്‌സോ കേസുകൾക്കു മാത്രമുള്ളതാണ്. കേന്ദ്രനിർദേശം വന്ന് നാലുമാസം പിന്നിട്ടിട്ടും 16 സംസ്ഥാന–-കേന്ദ്രഭരണപ്രദേശങ്ങൾ മാത്രമാണ് പദ്ധതിയിൽ ചേർന്നത്. പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനുള്ള 100കോടിരൂപയിൽ 89.1 കോടിരൂപയുടെ ആദ്യഗഡുവും കേന്ദ്ര നിയമ മന്ത്രാലയം അനുവദിച്ചിരുന്നു. കേരളം കർണാടകം, ജാർഖണ്ഡ്, ത്രിപുര, നാഗാലാൻഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഒഡിഷ, മണിപ്പുർ, ഗുജറാത്ത്, ഛത്തീസ്‌ഗഢ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങൾ മാത്രമാണ് അംഗങ്ങളായത്. ചണ്ഡീഗഢിന്റെ അപേക്ഷ കഴിഞ്ഞ ദിവസം മന്ത്രാലയത്തിന് ലഭിച്ചു. തെലങ്കാനയിൽ വെറ്ററിനറി ഡോക്ടർ കൊല്ലപ്പെട്ടതിനുശേഷം ബുധനാഴ്‌ച മാത്രമാണ് ഇതിനുള്ള നടപടി എടുത്തത്. Read on deshabhimani.com