ഉയർന്ന പിഎഫ്‌ പെൻഷൻ ; തുടർനടപടികൾ 
നിർത്താൻ നിർദേശം



ന്യൂഡൽഹി ശമ്പളത്തിന്‌ ആനുപാതികമായ ഉയർന്ന പി എഫ്‌ പെൻഷൻ അവശ്യപ്പെട്ടുള്ള അപേക്ഷകളിൽ ഇനിയൊരു ഉത്തരവ്‌ ഉണ്ടാകുംവരെ തുടർനടപടികൾ വേണ്ടെന്ന്‌ കേന്ദ്ര സർക്കാർ നിർദേശം. ഇപിഎഫ്‌ഒ ആസ്ഥാനത്തുനിന്ന്‌ സോണൽ ഓഫീസുകളിലേക്ക്‌ അടിയന്തരസ്വഭാവമുള്ള ഇമെയിലിലൂടെയാണ്‌ നിർദേശം കൈമാറിയിരിക്കുന്നത്‌. സോണൽ ഓഫീസുകളിൽനിന്ന്‌ റീജിയണൽ ഓഫീസുകളിലേക്കും അറിയിപ്പ്‌ നൽകിത്തുടങ്ങി.  ഇപിഎഫ്‌ഒ ബംഗളൂരു സോണൽ ഓഫീസിൽനിന്ന്‌ മല്ലേശ്വരം, കോറമംഗള, രാജേശ്വരിനഗർ, കെ ആർ പുരം, തുംകൂർ റീജിയണൽ ഓഫീസുകൾക്ക്‌ ഇമെയിൽ ലഭിച്ചു. ഹെഡ്‌ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമാണ്‌ നടപടിയെന്നും അറിയിപ്പിലുണ്ട്‌. ശമ്പളത്തിന്‌ ആനുപാതികമായി ഉയർന്ന പി എഫ്‌ പെൻഷന്‌ വഴിയൊരുക്കണമെന്ന സുപ്രീം കോടതി വിധിവന്ന്‌ രണ്ടുവർഷം പിന്നിട്ടിട്ടും അപേക്ഷകരിൽ ഒരു ശതമാനത്തിനുപോലും ഇത്‌ അനുവദിക്കാനുള്ള നടപടി പൂർത്തിയായിട്ടില്ല. രാജ്യത്താകെ 17,48,775 പേരാണ്‌ ഉയർന്ന പെൻഷന്‌ അപേക്ഷിച്ചിട്ടുള്ളത്‌. ഇതിൽ 3.14 ലക്ഷം അപേക്ഷകൾ ഇപ്പോഴും തൊഴിലുടമകളുടെ പക്കലാണുള്ളത്‌. ഇപിഎഫ്‌ഒയ്‌ക്ക്‌ ലഭിച്ച 14.3 ലക്ഷം അപേക്ഷകളിൽ 1.48 ലക്ഷം തള്ളി. 8,401 പേർക്ക്‌ മാത്രമാണ്‌ പെൻഷൻ പേയ്‌മെന്റ്‌ ഓർഡറുകൾ അയച്ചത്‌. 89,235 പേർക്ക്‌ അടയ്‌ക്കേണ്ട കുടിശികത്തുക വ്യക്തമാക്കിയുള്ള ഡിമാൻഡ്‌ നോട്ടീസും അയച്ചു. പി എഫ്‌ ഓഫീസുകളിലെ ജീവനക്കാരുടെ കുറവും സോഫ്‌റ്റ്‌വെയർ പ്രശ്‌നങ്ങളുമാണ്‌ മെല്ലെപ്പോക്കിന്‌ കാരണമെന്നാണ്‌ അധികൃതരുടെ വാദം. അതേസമയം, സുപ്രീംകോടതി വിധി വന്ന്‌ വർഷങ്ങൾ കഴിഞ്ഞിട്ടും അത്‌ നടപ്പാക്കാതെ ലക്ഷക്കണക്കിനാളുകളെ പീഡിപ്പിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്‌. കോടതി ഉത്തരവ്‌ നടപ്പാക്കാത്ത ഇപിഎഫ്‌ഒയ്‌ക്കും കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനുമെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ ജീവനക്കാരുടെയും വിരമിച്ചവരുടെയും സംഘടനകൾ ആലോചിക്കുന്നുണ്ട്‌. Read on deshabhimani.com

Related News