അദാനിയ്ക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് ; സെബി അന്വേഷണം വേഗം പൂർത്തിയാക്കണമെന്ന് ഹര്‍ജി
ന്യൂഡൽഹി അദാനി ഗ്രൂപ്പിന് എതിരായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സെബി മേധാവി മാധബി പുരി ബുച്ചിന് എതിരായ ഹിൻഡൻബെർഗ് റിസർച്ചിന്റെ പുതിയ വെളിപ്പെടുത്തലുകൾ ‘സംശയത്തിന്റെ അന്തരീക്ഷം’ സൃഷ്ടിച്ചിട്ടുണ്ടെന്നും അദാനിഗ്രൂപ്പിന് എതിരായ സെബിയുടെ അന്വേഷണം വേഗം പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശിക്കണമെന്നും അഡ്വ. വിശാൽതിവാരി ഹർജിയിൽ ആവശ്യപ്പെട്ടു. ഹിൻഡൻബെർഗ് റിസർച്ചിന്റെ വെളിപ്പെടുത്തലുകളിൽ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് വിശാൽതിവാരി ഉൾപ്പടെയുള്ളവരുടെ ഹർജികൾ സുപ്രീംകോടതി ജനുവരി മൂന്നിന് തള്ളി. സെബിയുടെ അന്വേഷണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഈ ഉത്തരവിൽ സുപ്രീംകോടതി നിർദേശിച്ചു. ആകെ 24 വിഷയങ്ങളിൽ അന്വേഷണം നടത്താനുണ്ടെന്നും 22ലും അന്വേഷണം പൂർത്തിയായെന്നുമാണ് സെബി ഏറ്റവും ഒടുവിൽ സുപ്രീംകോടതിയെ അറിയിച്ചത്. സുപ്രീംകോടതി നിർദേശിച്ച കാലയളവിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സെബിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വിശാൽതിവാരി ജൂണിൽ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. അടിസ്ഥാനമില്ലാത്ത അപേക്ഷയാണിതെന്ന് ആരോപിച്ച് രജിസ്‌ട്രാർ ജുഡീഷ്യൽ (ലിസ്‌റ്റിങ്ങ്) അപേക്ഷ ലിസ്‌റ്റ് ചെയ്യാൻ വിസമ്മതിച്ചു. തന്റെ അപേക്ഷ ലിസ്‌റ്റ് ചെയ്യാത്ത രജിസ്‌ട്രാറിന്റെ നടപടിക്കെതിരെ വിശാൽതിവാരി അപ്പീലും ഫയൽ ചെയ്‌തു. പൊതുജനതാൽപര്യം സംരക്ഷിക്കാൻ സെബിയുടെ അന്വേഷണറിപ്പോർട്ട് എത്രയും വേഗം പുറത്തുവിടണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com