പട്ടിണി സൂചിക: 
കരകയറാതെ ഇന്ത്യ



ന്യൂഡൽഹി  പട്ടിണി നിലവാരത്തിലെ ഗുരുതര സാഹചര്യത്തിൽനിന്ന്‌ കരകയറാതെ ഇന്ത്യ. 2024ലെ ആഗോള പട്ടിണി സൂചികയിൽ അയൽരാജ്യങ്ങളായ ശ്രീലങ്കയ്‌ക്കും(56) നേപ്പാളിനും(68)  ബംഗ്ലാദേശിനും(84) പിന്നിലായി 105–-ാം സ്ഥാനത്താണ്‌ ഇന്ത്യ. ഏറ്റവും രൂക്ഷമായ പട്ടിണി അനുഭവിക്കുന്ന പാകിസ്ഥാൻ(109), അഫ്‌ഗാനിസ്ഥാൻ(116) എന്നിവയ്‌ക്കൊപ്പമാണ്‌ ഇന്ത്യയുടെ സ്ഥാനം. മൊത്തം 127 രാജ്യമാണ്‌ പട്ടികയിൽ. ഐറിഷ്‌ ജീവകാരുണ്യ സംഘടന ‘കൺസേൺ വേൾഡ്‌വൈഡ്‌’, ജർമനിയുടെ പിന്തുണയുള്ള ‘ഡബ്ലുഎച്ച്‌എച്ച്‌’ എന്നിവ ചേർന്ന്‌ തയ്യാറാക്കുന്ന 19–-ാം വാർഷിക റിപ്പോർട്ടിലാണ്‌ വിവരങ്ങൾ.  പട്ടിണിക്കാർ തീരെയില്ലാത്ത രാജ്യത്തിന്‌ പൂജ്യവും ഏറ്റവും മോശം സ്ഥിതിക്ക്‌ നൂറും സ്‌കോർ നൽകുന്ന വിധത്തിലുള്ള സൂചികയിൽ ഇന്ത്യക്ക്‌ ലഭിച്ചത്‌ 27.3 പോയിന്റാണ്‌. രാജ്യത്തെ ജനസംഖ്യയിൽ 13.7 ശതമാനം പേർക്ക്‌ മതിയായ തോതിൽ ആഹാരം ലഭിക്കുന്നില്ല. അഞ്ച്‌ വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിൽ 35.5 ശതമാനം പേർ വളർച്ച മുരടിച്ചവരാണ്. 2.9 ശതമാനം കുട്ടികൾ അഞ്ച്‌ വയസ്സിനുമുമ്പേ മരിക്കുന്നു.   ബലാറസ്‌, ബോസ്‌നിയ, ചിലി, ചൈന, കോസ്‌റ്ററിക്ക തുടങ്ങിയ രാജ്യങ്ങൾ അഞ്ചിൽ താഴെ പോയിന്റോടെ പട്ടിണി നാമമാത്രമായ നിലയിലാണ്‌. സൊമാലിയ, യെമൻ, ചാഡ്‌ എന്നീ രാജ്യങ്ങളിലാണ്‌ പട്ടിണി നിലവാരം ഏറ്റവും ആശങ്കജനകം–-റിപ്പോർട്ടിൽ വ്യക്തമാക്കി. Read on deshabhimani.com

Related News