ആഞ്ഞടിച്ച് ദാന ; വിറങ്ങലിച്ച് ഒഡിഷ , വിമാനത്താവളങ്ങള്‍ അടച്ചു, ട്രെയിനുകൾ റദ്ദാക്കി
ന്യൂഡൽഹി അതിതീവ്ര ചുഴലിയായി മാറിയ ദാന വീശീയടിച്ചു തുടങ്ങി. വെള്ളി അതിരാവിലെ ഒഡിഷയിലെ ഭിട്ടര്‍കനിക ദേശീയോദ്യാനത്തിനും ധമ്ര തുറമുഖത്തിനും ഇടയിൽ കരതൊടും. ചുഴലി മണിക്കൂറിൽ 120 കിലോമീറ്റര്‍ വേഗത്തിൽ വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഒഡിഷയിലെ പാരദീപിന് 180 കിലോമീറ്റര്‍ തെക്കുകിഴക്ക് മാറിയും പശ്ചിമബംഗാളിലെ സാഗർ ദ്വീപിൽനിന്ന് 270 കിലോമീറ്റര്‍ തെക്കുമാറിയുമാണ് ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിട്ടുള്ളത്. രണ്ട് സംസ്ഥാനങ്ങളിലെ അഞ്ച് ലക്ഷത്തിലേറെ പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഒഡിഷയുടെ പകുതിയോളം ഭാഗത്ത് ചുഴലി നാശംവിതയ്‌ക്കുമെന്നാണ് റിപ്പോർട്ട്. ഒഡിഷ, ബംഗാൾ തീരങ്ങളിൽ കടൽ പ്രക്ഷുബ്‌ധമാണ്. വിമാനത്താവളങ്ങള്‍ അടച്ചു, ട്രെയിനുകൾ റദ്ദാക്കി ഭുവനേശ്വർ, കൊൽക്കത്ത വിമാനത്താവളങ്ങൾ വെള്ളി രാവിലെ ഒമ്പതുവരെ അടച്ചു. ഇരുസംസ്ഥാനങ്ങളിലുമായി മുന്നൂറിലേറെ ട്രെയിനുകൾ റദ്ദാക്കി. ഒഡിഷയിൽ മയുര്‍ബഞ്ച്, കട്ടക്ക്, ജാജ്പുര്‍, ബാലസോര്‍, ഭദ്രക്, കേന്ദ്രപാഡ, ജഗത്സിങ്പുര്‍ ജില്ലകളിൽ ചുവപ്പ് ജാഗ്രതാനിര്‍ദേശമുണ്ട്. ബംഗാളിലെ നോർത്ത് 24 പർഗാനാസ്,- സൗത്ത് 24 പർഗനാസ്, ഈസ്റ്റ് മേദിനിപുർ, -വെസ്റ്റ് മേദിനിപുർ, ജാർഗ്രാം, കൊൽക്കത്ത, ഹൗറ, ഹൂഗ്‌ളി ജില്ലകളിലാണ് അതിതീവ്ര മഴ പ്രതീക്ഷിക്കുന്നത്. ഒഡിഷയിൽ ഏഴായിരത്തിലേറെ താത്കാലിക അഭയകേന്ദ്രങ്ങള്‍ തുറന്നു. 91 മെഡിക്കൽ സംഘത്തെ സജ്ജമാക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരി ജഗന്നാഥ ക്ഷേത്രം സംരക്ഷിക്കാന്‍ മുൻകരുതലെടുത്തിട്ടുണ്ട്. കോണാര്‍ക് ക്ഷേത്രം രണ്ടു ദിവസത്തേക്ക് അടച്ചു. കരേസന, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, എൻഡിആര്‍എഫ് സംഘങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. Read on deshabhimani.com