ഡമാം താളം മുറുകെ പിടിച്ച് സിദ്ദി ഗോത്രം ; ജയൻ ചെറിയാന്‍ 
ഒരുക്കിയ ചിത്രം
 പ്രദര്‍ശിപ്പിച്ചു

റിഥം ഓഫ് ഡമാമിലെ അഭിനേതാക്കൾ സംവിധായകൻ ജയൻ ചെറിയാനൊപ്പം


പനാജി പോർച്ചുഗീസുകാർ അടിമകളാക്കി ആഫ്രിക്കയിൽനിന്ന് ഗോവയിൽ കൊണ്ടുവരികയും പിന്നീട് കൊങ്കണിലെ യെല്ലാപ്പുരിലെത്തുകയും ചെയ്‌ത സിദ്ദി ഗോത്രവിഭാഗക്കാരുടെ തനതുഭാഷയിലുള്ള ആദ്യചിത്രം ഗോവന്‍ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു. ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ച സിദ്ദി ചിത്രം ‘റിഥം ഓഫ് ഡമാം’ സംവിധാനം ചെയ്‌തത് മലയാളിയായ ജയൻ ചെറിയാനാണ്. മരിച്ചുപോയ മുത്തച്ഛനെ സ്വപ്‌നത്തിൽ കാണുകയും മനോനില തെറ്റുകയും ചെയ്യുന്ന ജയറാം സിദ്ദിയെന്ന പന്ത്രണ്ടുകാരന്റെ കഥയാണ് സിനിമ പറയുന്നത്. ആഫ്രിക്കൻ വനാന്തരത്തിലെ ആദിമകാല ജീവിതവും പോർച്ചുഗീസ് പായ്‌ക്കപ്പലിലെ അടിമത്തവുമൊക്കെ സ്വപ്‌നമായി അവനിൽ കടന്നുവരുന്നു.  വനവാസി കല്യാൺ അവനെ ഹോസ്റ്റലിൽ കൊണ്ടുപോയി സംഘപരിവാറുകാരനാക്കാൻ ശ്രമിക്കുന്നുണ്ട്. അവിടെ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തുന്ന കുട്ടി പൈതൃകമായി കിട്ടിയ ഡമാം എന്ന വാദ്യോപകരണം വഴി വംശത്തിന്റെ സ്വത്വം നിലനിർത്തുകയാണ്. സിദ്ദി ഗോത്രക്കാരുടെ ജീവിതവും സംസ്‌കാരവും കലയും രേഖപ്പെടുത്തുന്ന ചിത്രത്തിന് കൃത്യമായ രാഷ്ട്രീയ നിലപാടുണ്ട്. മസ്ജിദില്‍ പോയി അനുഗ്രഹം വാങ്ങുകയും സംഘപരിവാർ താവളത്തിൽനിന്ന് രക്ഷപ്പെടുകയും ചെയ്യുന്ന നായകൻ ആഫ്രിക്കയിൽനിന്നുത്ഭവിച്ച മനുഷ്യവംശത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണെന്ന് അടിവരയിടുന്നു. വിദ്യാഭ്യാസംപോലും നിഷേധിക്കപ്പെട്ട് ഇന്നും അടിമസമാനമായ ജീവിതമാണ് അവര്‍ നയിക്കുന്നതെന്നും ചിത്രം തുറന്നുകാട്ടുന്നു. അഭിനേതാക്കളായ ഗോത്രവിഭാഗക്കാരും  പ്രദർശനത്തിനെത്തി. മൂവാറ്റുപുഴ സ്വദേശിയായ ജയൻ ചെറിയാൻ പതിറ്റാണ്ടുകളായി അമേരിക്കയിലാണ് താമസിക്കുന്നത്. പപ്പിലിയോ ബുദ്ധ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ സംവിധായകനാണ്.ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ചുള്ള ഫിയർ ആന്‍ഡ് ട്രബിളും തിങ്കളാഴ്‌ചത്തെ ശ്രദ്ധേയ ചിത്രമായിരുന്നു. Read on deshabhimani.com

Related News