ജാതിവിവേചനം : ബാംഗ്ലൂര്‍ ഐഐഎം ഡയറക്ടറടക്കം 8 പേര്‍ക്കെതിരെ കേസ്
ബംഗളൂരു അസോസിയേറ്റ് പ്രൊഫസറെ ജാതി പറഞ്ഞു അധിക്ഷേപിച്ചെന്ന പരാതിയിൽ ബാംഗ്ലൂർ ഐഐഎം ഡയറക്ടറും മറ്റ് ഏഴ് പ്രൊഫസർമാർക്കുമെതിരെ കർണാടക പൊലീസ് കേസെടുത്തു. ദളിത് വിഭാഗത്തില്‍പെട്ട അസോസിയേറ്റ് പ്രൊഫസർ ഗോപാൽ ദാസിന്റെ പരാതിയിലാണ് ഡയറക്ടർ ഡോ. ഋഷികേശ ടി കൃഷ്ണൻ, ഡീൻ ഡോ. ദിനേശ്കുമാർ തുടങ്ങിയവർക്കെതിരെ പട്ടികജാതി, പട്ടിക വർഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തത്. ഗോപാൽ ദാസിന്റെ പരാതിയിൽ അന്വേഷണം നടത്തിയ ഡയറക്ടറേറ്റ് ഒഫ് സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി വകുപ്പ് ഡിജിപിയോട് നടപടിയെടുക്കാൻ നിർദേശിക്കുകയായിരുന്നു. ജാതി വിവേചനത്തിന് തെളിവ് ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ബോധപൂർവം തന്റെ ജാതി ക്യാമ്പസിൽ വെളിപ്പെടുത്തിയെന്ന് ഗോപാൽ ദാസ് പരാതിയിൽ പറഞ്ഞു. ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു–- ഗോപാൽ ദാസ് വ്യക്തമാക്കി. ആരോപണം ഐഐഎം അധികൃതർ നിഷേധിച്ചു. Read on deshabhimani.com