പൊതുബജറ്റ്‌ ഇന്ന്‌ ; വളർച്ചനിരക്കിൽ വൻ ഇടിവുണ്ടാകുമെന്ന്‌ സാമ്പത്തിക സർവേ



ന്യൂഡൽഹി ബിജെപിക്ക്‌ കേവല ഭൂരിപക്ഷമില്ലാതെയുള്ള പുതിയ എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ്‌ ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിക്കും. വളർച്ചനിരക്കിൽ വൻ ഇടിവുണ്ടാകുമെന്ന്‌ സാമ്പത്തിക സർവേ പ്രവചിക്കുന്ന സാഹചര്യത്തിൽ കരുതലോടെയാകും ധനമന്ത്രി ധനവിഭവങ്ങളുടെ വിഹിതം നിശ്ചയിക്കുക. സർക്കാരിനെ നിലനിർത്തുന്നതിൽ നിർണായകമായ ജെഡിയുവിന്റെയും  ടിഡിപിയുടെയും സാമ്പത്തികാവശ്യങ്ങളോട്‌ ധനമന്ത്രിക്ക്‌ പുറംതിരിയാനാകില്ല. രാജ്യത്തിന്റെ ധനക്കമ്മി ഇപ്പോഴും 5.6 ശതമാനമെന്ന ഉയർന്ന തോതിലാണ്. അതുകൊണ്ടു തന്നെ ഘടകകക്ഷികളുടെ സമ്മർദത്തിന്‌ പരിധിക്കപ്പുറം വഴങ്ങിയാൽ ബജറ്റ്‌ താളംതെറ്റും. ചില സംസ്ഥാനങ്ങൾക്ക് വൻതോതിൽ വിഭവങ്ങൾ അനുവദിക്കുന്നത്‌ മറ്റ്‌ സംസ്ഥാനങ്ങളുടെയും പ്രതിപക്ഷ പാർടികളുടെയും വലിയ എതിർപ്പിനും വഴിവയ്‌ക്കും. ധനമന്ത്രിയെന്ന നിലയിൽ നിർമല സീതാരാമന്റെ ഏഴാം ബജറ്റവതരണമാണ്‌ ചൊവ്വാഴ്‌ചത്തേത്‌. ആറ്‌ ബജറ്റ്‌ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ  റെക്കോഡാണ്‌ നിർമല മറികടക്കുന്നത്. വരുമാന നികുതി അടയ്‌ക്കുന്നതിനുള്ള കുറഞ്ഞ പരിധി നിലവിലെ മൂന്ന്‌ ലക്ഷത്തിൽനിന്ന്‌ നാല്‌ ലക്ഷമാക്കി ഉയർത്തുമെന്നും ശമ്പളക്കാർക്കുള്ള നികുതിയിളവ്‌ ഒരു ലക്ഷമാക്കി ഉയർത്തുമെന്നും റിപ്പോർട്ടുണ്ട്‌. Read on deshabhimani.com

Related News