എൽഎസിയിൽ അതിർത്തി പട്രോളിംഗിൽ ഇന്ത്യയും ചൈനയും ധാരണയിലെത്തി: വിദേശകാര്യ സെക്രട്ടറി



ശ്രീന​ഗർ > കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് ആക്ട്ച്വൽ കൺട്രോളിൽ (എൽഎഎസി) പട്രോളിംഗ് പുനരാരംഭിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയും ചൈനയും ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. കിഴക്കൻ ലഡാക്ക് മേഖലയെ സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും ഉദ്യോ​ഗസ്ഥർ നടത്തിയ ചർച്ചയിലാണ് ധാരണയിലെത്തിയതെന്ന് വിക്രം മിശ്രി പത്രസമ്മേളനത്തിൽ അറിയിച്ചു. അതിർത്തിയിൽ തുടരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും കഴിഞ്ഞ ആഴ്ച ചർച്ച നടത്തിയതായി വിക്രം മിശ്രി പറഞ്ഞു. ഡെപ്‌സാങ്, ഡെംചോക്ക് മേഖലകളിലെ പട്രോളിംഗ് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങളും കരാറിൽ ഏർപ്പെട്ടതെന്നാണ് റിപ്പോർട്ട്. 2020ൽ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയും ചൈനയും അതിർത്തി പ്രദേശങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും വിക്രം മിശ്രി പറഞ്ഞു. കരാറിനെ സംബന്ധിച്ച് ഇരു രാജ്യങ്ങളിൽ നിന്നും ഔദ്യോ​ഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. Read on deshabhimani.com

Related News