വളർച്ച 1.7% ഇടിയും ; സാമ്പത്തികസർവെയിൽ തുറന്നുസമ്മതിച്ച്‌ കേന്ദ്രസർക്കാർ



ന്യൂഡൽഹി നടപ്പു സാമ്പത്തികവർഷത്തിൽ രാജ്യത്തിന്റെ വളർച്ചാനിരക്ക്‌ 1.2 ശതമാനം മുതൽ 1.7 ശതമാനം വരെ കുറയാമെന്ന്‌ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തികസർവെയിൽ തുറന്നുസമ്മതിച്ച്‌ കേന്ദ്രസർക്കാർ. 2023–-24 സാമ്പത്തികവർഷത്തിൽ 8.2 ശതമാനമാണ്‌ ജിഡിപി വളർച്ചാനിരക്ക്‌. എന്നാൽ 2024–-25 സാമ്പത്തികവർഷത്തിൽ വളർച്ചാനിരക്ക്‌ 6.5 മുതൽ ഏഴ്‌ ശതമാനം വരെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഭക്ഷ്യഉൽപ്പന്ന വില കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്ത്‌ കുതിച്ചുകയറി. ഭക്ഷ്യഉൽപ്പന്നങ്ങളുടെ വിലക്കയറ്റം 6.6 ശതമാനമായിരുന്നത്‌ 2023–-24ൽ 7.5 ശതമാനമായി. ഇന്ത്യയുടെ വിദേശകടം 624.1 ശതകോടി ഡോളറായിരുന്നത്‌ 663.8 ശതകോടി ഡോളറായി. വിദേശകടത്തിൽ 3970 കോടി ഡോളറാണ്‌ ഒറ്റവർഷം കൂടിയത്. ഇന്ത്യയുടെ വിദേശകടം ജിഡിപിയുടെ 18.7 ശതമാനമായി. 238.3 ശതകോടി ഡോളറാണ്‌ (ഏകദേശം 20  ലക്ഷം കോടി രൂപ) നിലവിൽ രാജ്യത്തിന്റെ വ്യാപാരകമ്മി. ഭക്ഷ്യധാന്യ ഉൽപ്പാദനത്തിലും ഇടിവുണ്ടായി. 2023ൽ ഭക്ഷ്യധാന്യ ഉൽപ്പാദനം 3297 ലക്ഷം ടണ്ണായിരുന്നത്‌ 2024ൽ 3283 ലക്ഷം ടണ്ണായി. 14 ലക്ഷം ടണ്ണിന്റെ കുറവ്. രാജ്യത്തിന്റെ ആകെ ചരക്കു–-സേവന ഉൽപ്പാദനത്തിൽ പകുതിയിലേറെയും വരുന്ന സേവന മേഖലയുടെ വളർച്ചയിലും ഇടിവുണ്ടായി. 2023ൽ 10 ശതമാനമായിരുന്ന സേവന മേഖലയിലെ വളർച്ച 2024ൽ 7.6 ശതമാനമായി. ചില്ലറവിപണിയിലെ പണപ്പെരുപ്പം 6.7 ശതമാനത്തിൽ നിന്നും 5.4 ശതമാനമായെങ്കിലും ആർബിഐ ലക്ഷ്യമിടുന്ന നാല്‌ ശതമാനത്തിൽ നിന്നും ഇപ്പോഴും ഏറെ ഉയരെയാണ്‌. പ്രതീക്ഷിത വളർച്ചാനിരക്ക്‌ അടക്കം സാമ്പത്തികസൂചികകൾ പലതും മോശമാണെങ്കിലും പരിഷ്‌ക്കരണ നടപടികൾ തീവ്രമായി മുന്നോട്ടു കൊണ്ടുപോകുമെന്ന്‌ സർവേ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയുടെ നിക്ഷേപത്തിനാകും പ്രോത്‌സാഹനം നൽകുക. രാജ്യത്ത്‌ അസമത്വം രൂക്ഷം രാജ്യത്ത്‌ സാമ്പത്തികഅസമത്വം രൂക്ഷമായി തുടരുന്നുവെന്ന്‌ സാമ്പത്തികസർവെ വെളിപ്പെടുത്തുന്നു. രാജ്യത്തെ മൊത്തം വരുമാനത്തിന്റെ ആറുമുതല്‍ എഴു ശതമാനവും കൈക്കലാക്കുന്നത്‌ സാമ്പത്തികമായി ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു ശതമാനം അതിസമ്പന്നരാണ്‌. ജനസംഖ്യയിൽ രണ്ടിലൊന്ന്‌ പേർക്കും തൊഴിൽ വൈദഗ്‌ധ്യമില്ല. ആകെ ചരക്കു–-സേവന ഉൽപ്പാദനത്തിൽ (മൊത്തം മൂല്യവർധനവ്‌) 54.7 ശതമാനവും സേവന മേഖലയിലാണ്‌. ആകെ ഉൽപ്പാദനത്തിൽ വ്യാവസായിക മേഖലയുടെ പങ്ക്‌ 27.6 ശതമാനവും കാർഷിക മേഖലയുടേത്‌ 17.7 ശതമാനവുമാണ്‌. സേവന മേഖലയുടെ വളർച്ചയിൽ ഇടിവുണ്ടായി.സംസ്ഥാനങ്ങളുടെ മൊത്തം ധനക്കമ്മി ബജറ്റിൽ ലക്ഷ്യമിട്ടിരുന്ന 9.1 ലക്ഷം കോടിയിൽ നിന്നും 8.6 ശതമാനം കൂടി കുറയ്‌ക്കാനായി. ബാങ്കുകളുടെ മൊത്തം കിട്ടാക്കടം അനുപാതം 2.8 ശതമാനമാണ്‌. പ്രതിവർഷം 
78.5 ലക്ഷം 
തൊഴില്‍ വേണം രാജ്യത്ത്‌ തൊഴിലെടുക്കാൻ ശേഷിയുള്ള യുവജനങ്ങളുടെ എണ്ണം വർധിച്ചുവരുന്ന പശ്‌ചാത്തലത്തിൽ 2030 വരെ കാർഷികേതര മേഖലകളിലായി പ്രതിവർഷം 78.5 ലക്ഷം തൊഴിലവസരങ്ങളെങ്കിലും കുറഞ്ഞത്‌ സൃഷ്ടിക്കേണ്ടിവരുമെന്ന്‌ സാമ്പത്തിക സർവെ. തൊഴിൽ സർവേ കണക്കുകൾ പ്രകാരം യുവാക്കളിലെ (15–-29 വയസ്സ്‌) തൊഴിലില്ലായ്‌മാ നിരക്ക്‌ 2022–-23 വർഷത്തിൽ 10 ശതമാനമാണ്‌. ഇന്ത്യയുടെ തൊഴിൽ ശക്തിയിലെ 45 ശതമാനവും കാർഷിക മേഖലയിലാണ്‌. 28.9 ശതമാനം സേവന മേഖലയിലും 13 ശതമാനം കെട്ടിടനിർമ്മാണ മേഖലയിലും 11.4 ശതമാനം ഉൽപ്പന്നനിർമ്മാണ മേഖലയിലുമാണ്‌.സാമൂഹികസേവന മേഖലയിലെ ചെലവഴിക്കൽ 23.5 ലക്ഷം കോടി രൂപയാണ്‌. ആകെ ജിഡിപിയുടെ 7.8 ശതമാനമാണിത്‌. ആരോഗ്യമേഖലയിൽ 5.85 ലക്ഷം കോടി രൂപയാണ്‌ മുതൽമുടക്ക്‌. ഇത്‌ ജിഡിപിയുടെ 1.9 ശതമാനമാണ്‌.   Read on deshabhimani.com

Related News