വ്യാപാര കമ്മി 2965 കോടി ഡോളറായി വര്‍ധിച്ചു



കൊച്ചി ഇന്ത്യയുടെ ഉൽപ്പന്ന ഇറക്കുമതി ആ​ഗസ്‌തിൽ 3.3 ശതമാനം വർധിച്ച് 6440 കോടി ഡോളർ ആയതോടെ വ്യാപാര കമ്മി ഉയർന്നു. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾപ്രകാരം വ്യാപാര കമ്മി 2965 കോടി ഡോളറായാണ് വർധിച്ചത്. പത്തുമാസത്തിനിടയിലെ ഉയർന്ന തോതാണിത്. മുൻമാസത്തെ അപേക്ഷിച്ച് 26 ശതമാനത്തിലധികമാണ് വർധന. ജൂലൈയിൽ വ്യാപാര കമ്മി 2350 കോടി ഡോളറും ജൂണിൽ 2098 കോടി ഡോളറുമായിരുന്നു.  ആ​ഗസ്‌തിൽ 3470 കോടി ഡോളർ മാത്രമാണ് ഉൽപ്പന്ന കയറ്റുമതിയിലൂടെ രാജ്യത്തിന് നേടാനായത്. സ്വർണം ഇറക്കുമതിയിലെ വർധന, ചൈനയിലെ സാമ്പത്തിക മാന്ദ്യം, യൂറോപ്പിലെയും യുഎസിലെയും സാമ്പത്തിക മാന്ദ്യലക്ഷണങ്ങൾ, പെട്രോളിയം വിലയിടിവ്, ചരക്ക് നീക്കത്തിനുള്ള കപ്പൽ കൂലിയിലെ വർധന എന്നിവയാണ് പ്രധാനമായും കയറ്റുമതിയെ ബാധിച്ചതെന്ന് കേന്ദ്ര വ്യാപാര സെക്രട്ടറി സുനിൽ ബർത്വാൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിമാസ സ്വർണ ഇറക്കുമതി ജൂലൈയെ അപേക്ഷിച്ച് ആ​ഗസ്തിൽ മൂന്നുമടങ്ങ് വർധിച്ച് 1006 കോടി ഡോളറിലെത്തിയെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു. Read on deshabhimani.com

Related News