പക്ഷപാതം തുറന്നുകാട്ടി ; ശക്തമായ 
പ്രതിഷേധമുയര്‍ത്തി ഇന്ത്യാ കൂട്ടായ്‌മയിലെ എംപിമാർ



  ന്യൂഡൽഹി ബജറ്റ്‌ ചർച്ചയുടെ രണ്ടാം ദിവസവും  കേന്ദ്രസർക്കാരിന്റെ പക്ഷപാതപരമായ സമീപനത്തെ നിശിതമായി വിമർശിച്ച്‌ ഇന്ത്യാ കൂട്ടായ്‌മയിലെ എംപിമാർ. കേന്ദ്രത്തിന്റെ വിവേചനത്തിനെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായ പ്രതിഷേധമുയർന്നു. പ്രതിപക്ഷ പാർടികൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്രബജറ്റിൽ പൂർണമായും തഴഞ്ഞെന്ന്‌ ഇന്ത്യാ കൂട്ടായ്‌മയിലെ എംപിമാർ ചൂണ്ടിക്കാട്ടി. ഏതുവിധേനയും നിലനിൽക്കാനുള്ള ശ്രമമാണ്‌ സർക്കാർ നടത്തുന്നതെന്നും ഫെഡറൽ തത്വങ്ങൾ പൂർണമായും അട്ടിമറിക്കപ്പെട്ടെന്നും പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി. സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്ന്‌ യുപിയിൽനിന്നുള്ള സ്വതന്ത്രാംഗം കപിൽ സിബൽ രാജ്യസഭയിൽ പറഞ്ഞു. ഈ പ്രതിസന്ധിയിൽനിന്ന്‌ രാജ്യത്തെ കരകയറ്റാനുള്ള യാതൊന്നും ബജറ്റിലില്ല. ഇന്ത്യയിലെ യുവാക്കളിൽ 83 ശതമാനം തൊഴിൽരഹിതരാണെന്ന്‌ ഐഎൽഒ റിപ്പോർട്ട്‌ പറയുന്നു. സമ്പദ്‌വ്യവസ്ഥ നിശ്‌ചലമായതിനാലാണ്‌ തൊഴിലില്ലായ്‌മ വർധിക്കുന്നത്‌. സർക്കാരിനെ നിലനിർത്തുന്ന രണ്ടുപേർക്കായാണ്‌ ബജറ്റിലെ വിഹിതമത്രയും. സംസ്ഥാനങ്ങൾക്ക്‌ അർഹമായ വിഹിതം നൽകണം–-സിബൽ പറഞ്ഞു. കർഷകർക്കും യുവാക്കൾക്കും നിരാശ പകരുന്ന ബജറ്റാണിതെന്ന്‌ ലോക്‌സഭയിൽ ബിഹാറിൽനിന്നുള്ള സിപിഐ എംഎൽ അംഗം രാജാ രാംസിങ്‌ പറഞ്ഞു. കർഷക സമരം ഒത്തുതീർപ്പാക്കുമ്പോൾ സ്വാമിനാഥൻ ശുപാർശപ്രകാരമുള്ള താങ്ങുവില നൽകാമെന്ന്‌  സർക്കാർ രേഖാമൂലം ഉറപ്പുനൽകി. ഇപ്പോഴും അത്‌ നടപ്പായിട്ടില്ലെന്നും രാം സിങ്‌ പറഞ്ഞു. എന്നാൽ ബജറ്റ്‌ ചർച്ചയെ രാഷ്ട്രീയവത്‌കരിക്കാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന്‌ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു മാധ്യമങ്ങളോട്‌ പറഞ്ഞു. Read on deshabhimani.com

Related News