ഹജ് കരാറായി; ഇന്ത്യയില്‍ നിന്ന് 2 ലക്ഷം പേര്‍, കണ്ണൂരില്‍ എമ്പാര്‍ക്കേഷന്‍ പോയിന്റ് ഇല്ല
റിയാദ് > ഇന്ത്യയും സൗദിയും 2020ലെ ഹജ് കരാര്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം അടുത്ത വര്‍ഷം ഇന്ത്യയില്‍നിന്ന് രണ്ടു ലക്ഷം തീര്‍ഥാടകര്‍ക്ക് ഹജ് നിര്‍വഹിക്കാം. കഴിഞ്ഞ വര്‍ഷവും രണ്ടു ലക്ഷമായിരുന്നു ഇന്ത്യക്ക് അനുവദിച്ച ക്വാട്ട.സൗദി ഹജ് മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും സൗദി ഹജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലേ ബിന്‍ താഹിര്‍ ബിന്‍തനുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഹജ് നടപടിക്രമങ്ങള്‍ നൂറു ശതമാനവും ഡിജിറ്റലൈസ് ചെയ്തതായി മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഇതിന്റെ ഭാഗമായി ഹജ് അപേക്ഷാ സമര്‍പ്പണം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കി. ഇതുവരെ 1,80,000 അപേക്ഷ ലഭിച്ചു. ഹജ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 15ആണ്. ഇ- ടാഗിംഗ് സംവിധാനത്തിനായി മുംബൈ ഹജ് ഹൗസില്‍ 100 ലൈനുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ഹാജിമാരുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്ന ഇ-മസീഹ സംവിധാനം തുടരും. എമിഗ്രേഷന്‍ നടപടികള്‍ അതതു രാജ്യത്തുവെച്ചു പൂര്‍ത്തിയാക്കുന്ന റോഡ് ടു മക്ക പദ്ധതിക്കാര്യത്തില്‍ നടപടികള്‍ പുരോഗമിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ രണ്ട് എംബാര്‍ക്കേഷന്‍ പോയന്റ് നിലവിലുള്ള സാഹചര്യത്തില്‍ കണ്ണൂരില്‍ പുതുയായി ഹജ് എംബാര്‍ക്കേഷന്‍ പോയന്റ് തുടങ്ങാനാവില്ലെന്നും മന്ത്രി നഖ്വി വ്യക്തമാക്കി. കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയന്റ് കഴിഞ്ഞ വര്‍മാണ് പുനരാരംഭിച്ചത്. കൊച്ചിയിലും ഹജ് എംബാര്‍ക്കേഷനുണ്ട്. ഈ വര്‍ഷം വിജയവാഡയില്‍ മാത്രമാണ് പുതുതായി എംബാര്‍ക്കേഷന്‍ തുടങ്ങുന്നത്. ഇതോടെ എംബാര്‍ക്കേഷന്‍ പോയന്റുകളുടെ എണ്ണം 22 ആയി. കണ്ണൂര്‍ വിമാനത്താവളത്തില്‍ എംബാര്‍ക്കേഷന്‍ പോയന്റ് അനുവദിക്കണമെന്ന് മുഖ്യമന്ത്രിയും എം.പിമാരുമടക്കമുള്ള സംഘം കഴിഞ്ഞ മാസം നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതു സാധ്യമല്ലെന്ന് മന്ത്രി പറഞ്ഞു. Read on deshabhimani.com