നീണ്ട നിയമപോരാട്ടത്തിന്റെ വിജയം ; നാവികസേനയിൽ 
3 വനിതാ ക്യാപ്‌റ്റൻമാർ



ന്യൂഡൽഹി നീണ്ട നിയമപോരാട്ടത്തിന്‌ ഒടുവിൽ നാവിക സേനയിലെ മൂന്ന്‌ വനിതാ ഓഫീസർമാർക്ക്‌ ക്യാപ്‌റ്റൻ റാങ്കിലേക്ക്‌ സ്ഥാനക്കയറ്റം. ഡൽഹി സ്വദേശിനി റിച്ച വെർമ, നമിത ദലാൽ (മുംബൈ), ശിൽപി സിങ്‌ (വിശാഖപട്ടണം) എന്നിവര്‍ക്കാണ് ക്യാപ്‌റ്റൻ പദവി ലഭിച്ചത്. വനിതാ ഓഫീസർമാർക്ക്‌ പെർമനന്റ്‌ കമീഷൻ നൽകണമെന്ന്‌ 2020ൽ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാൽ, ഈ ചരിത്ര വിധിക്ക്‌ ശേഷവും അർഹിച്ച സ്ഥാനക്കയറ്റം നൽകുന്നില്ലെന്ന ആക്ഷേപം ശക്തമായി. ഇക്കാര്യം ചൂണ്ടിക്കാണിച്ചുള്ള ഹർജിയിൽ 2020ന്‌ ശേഷം എത്ര വനിതാ ഓഫീസർമാർക്ക്‌ സ്ഥാനക്കയറ്റം നൽകിയെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നാവികസേനയോട്‌ അന്വേഷിച്ചിരുന്നു. പിന്നാലെയാണ്‌, മൂന്ന്‌ വനിതാഓഫീസർമാർക്ക്‌ സ്ഥാനക്കയറ്റം നൽകാന്‍ തീരുമാനമുണ്ടായത്‌. വനിതാഓഫീസർമാർക്ക്‌ സ്ഥാനക്കയറ്റം നൽകിയ നടപടിയെ വനിതാ എസ്‌എസ്‌സി ഉദ്യോ ഗസ്ഥർക്ക്‌ പെർമനന്റ്‌ കമീഷൻ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയെ സമീപിച്ച ഹർജിക്കാരിൽ ഒരാളായ കമാണ്ടർ പ്രസന്ന ഇടയില്യം സ്വാഗതം ചെയ്‌തു. എന്തുകൊണ്ട്‌ ആർക്കും സ്ഥാനക്കയറ്റം നൽകാത്തതെന്ന്‌ കഴിഞ്ഞതവണ വാദംകേൾക്കുന്ന അവസരത്തിൽ സുപ്രീംകോടതി ചോദിച്ചിരുന്നു. കോടതിയെ ബോധ്യപ്പെടുത്താനാണോയെന്ന്‌ അറിയില്ല; മൂന്ന്‌ പേർക്ക്‌ ഇപ്പോൾ സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്‌. ഇത്‌ വലിയ വിജയം തന്നെയാണ്‌–- പ്രസന്ന ഇടയില്യം പറഞ്ഞു. Read on deshabhimani.com

Related News