കര്‍ണാടക ബിജെപിയിൽ ചേരിപ്പോര് രൂക്ഷം
ബംഗളൂരു > മുതിര്‍ന്ന നേതാവ് ബി എസ് യെദ്യൂരപ്പയുടെ മകനും സംസ്ഥാന അധ്യക്ഷനുമായ ബി വൈ വിജയേന്ദ്രയും മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ബി പി യത്നാൽ എംഎൽഎയും തമ്മിലുള്ള ഭിന്നതയിൽ കര്‍ണാടക ബിജെപി പൊട്ടിത്തെറിയിലേക്ക്. നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയോടെ ചേരിപ്പോര് പരസ്യ പോരിലേക്ക് നീങ്ങി. ബി പി യത്നാലിനെയും അനുകൂലികളെയും ഉടന്‍ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്ന് വിജയേന്ദ്രയെ പിന്തുണയ്ക്കുന്ന നേതാക്കളായ മുന്‍മന്ത്രി എം പി രേണുകാചാര്യ, ബി സി പാട്ടീൽ, സുബ്രഹ്മണ്യ നായിഡു, ഹലപ്പ എന്നിവര്‍ മൈസുരുവിൽ വാര്‍ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് യത്നാലിന്റെ നടപടികള്‍ വഴിവച്ചെന്നും വിജയേന്ദ്രയ്ക്കും യെദ്യൂരപ്പയ്ക്കുമെതിരെ തുടര്‍ച്ചയായി യത്നാല്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ബിജെപിയുടെ പ്രതിച്ഛായയെ ബാധിച്ചെന്നും നേതാക്കള്‍ പറഞ്ഞു. നിലവിലെ നേതൃത്വത്തിൽ അതൃപ്തിയുടെ നേതാക്കളാണ് യത്നാലിന്റെ പിന്നിലുള്ളത്. വിജയേന്ദ്രയ്ക്കെതിരെ പരസ്യനിലപാടെടുത്ത യത്നാൽ വഖഫ് വിഷയത്തിൽ സ്വന്തം നിലയിൽ പ്രതിഷേധം പ്രഖ്യാപിച്ചതും ബിജെപിയെ പ്രതിസന്ധിയിലാക്കി. കേന്ദ്രനേതൃത്വം ഉടന്‍ ഇടപെടണമെന്ന് മുന്‍മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡ ആവശ്യപ്പെട്ടു. Read on deshabhimani.com