ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; പരിക്കേറ്റ ഹെഡ് കോൺസ്റ്റബിൾ ഭീകരനെ വെടിവച്ചു കൊന്നു



ശ്രീനഗർ> ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ ഇന്നലെ രാത്രി ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ്  പാകിസ്ഥാൻ ഭീകരനെ വെടിവച്ചു കൊന്നു. മരിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ ഉദ്യോഗസ്ഥൻ ഭീകരനെ വെടിവെച്ചുകൊന്നത്‌. മേഖലയിൽ ഇന്നലെ ആരംഭിച്ച ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടലിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പ്രദേശം ഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുകയാണെന്നും ബാക്കിയുള്ള ഭീകരരെ വധിക്കുന്നതിനുള്ള ഓപ്പറേഷന്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലത്ത്‌ മൂന്ന് നാല് ഭീകരർ ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ ഗ്രാമത്തിൽ തിരച്ചിൽ ആരംഭിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സുരക്ഷാ സംഘം ഗ്രാമത്തിന് സമീപം എത്തിയപ്പോൾ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ വെടിവയ്പിൽ ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദിന് മാരകമായി പരിക്കേറ്റെങ്കിലും ഒരു ഭീകരനെ വെടിവെച്ച് കൊന്നാണ്‌ അദ്ദേഹം മരണം വരിച്ചത്‌. Read on deshabhimani.com

Related News