ജനവിധി ഭയന്ന് ബിജെപി ; ജമ്മു കശ്മീർ നിയമസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക് അധികാരം നൽകി കേന്ദ്രം
ന്യൂഡൽഹി> ജമ്മു കശ്മീർ നിയമസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർക്ക് അധികാരം നൽകി കേന്ദ്രം. ഗവർണർക്ക് അഞ്ച് അംഗങ്ങളെയാണ് നാമനിർദേശം ചെയ്യാൻ സാധിക്കുക. നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെയാണ് അധികാരം നൽകിയത് മറ്റു രാഷ്‌ട്രീയ പാർടികൾക്കിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. കോൺഗ്രസും സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർടിയും ലെഫ്റ്റനന്റ് ഗവർണർക്ക് ഇത്തരം അധികാരങ്ങൾ നൽകുന്നത് ജനങ്ങളുടെ തെരഞ്ഞെടുപ്പ് അധികാരത്തെ അട്ടിമറിക്കലാണെന്നും ഇതിലൂടെ ബിജെപി നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യം ഏറ്റവും വലിയ കക്ഷിയായി അധികാരത്തിൽ വരുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു. ജമ്മു കശ്മീരിൽ ബിജെപിയ്ക്ക് ഇതുവരെ ഒറ്റ കക്ഷിയായി ഭരിക്കാൻ സാധിച്ചിട്ടില്ല. 2014-ലെ തെരഞ്ഞെടുപ്പിന് ശേഷം പിഡിപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയും 2018-ൽ സഖ്യത്തിൽ നിന്ന് പിന്മാറുകയും ചെയ്യുകയായിരുന്നു. തുടർന്ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയ്ക്ക് പ്രത്യേക അധികാരം നൽകിയത് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിന് ബിജെപിയെ സഹായിക്കുമെന്നാണ് മറ്റു രാഷ്‌ട്രീയപാർടികളുടെ വാദം. അതിർത്തി പുനർ നിർണയം കശ്‌മീരിൽ ബിജെപിക്ക് ഒരു പരിധിവരെ തെരഞ്ഞെടുപ്പിൽ സഹായകരമായിരുന്നു. ഇതോടെ ജമ്മുവിന് 43 സീറ്റുകളും കശ്മീരിനു 47 സീറ്റുകളും ലഭിച്ചു. അഞ്ച് എംപിമാരെ കൂടി ഗവർണർക്ക് നാമനിർദേശം ചെയ്യാം എന്നുവന്നാൽ അത് ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കുമെന്നും മറ്റു പാർടികൾ പറഞ്ഞു. ജനാധിപത്യത്തിനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും മേലുള്ള കടന്നാക്രമണമാണ് ഇതെന്ന് കോൺഗ്രസും ഇത്തരത്തിലൊരു നാമനിർദ്ദേശം നടന്നാൽ സുപ്രീം കോടതിയിൽ പോകുമെന്ന് നാഷണൽ കോൺഫറൻസും അറിയിച്ചു. പിന്തുണയ്‌ക്കുന്നത് ബിജെപി മാത്രം ജമ്മു കശ്‌മീരിൽ സർക്കാർ രൂപീകരിക്കുംമുമ്പ് നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള കേന്ദ്രനീക്കത്തെ എതിർത്ത് ബിജെപി ഒഴികെയുള്ള പാർടികൾ. ബിജെപിയാകട്ടെ ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ലഫ്. ഗവർണർക്ക് ഇതിനുള്ള അധികാരമുണ്ടെന്ന് വാദിക്കുന്നു. തൂക്കുസഭ നിലവിൽ വന്നാൽ കുറുക്കുവഴിയിൽ അധികാരം പിടിക്കാനുള്ള ബിജെപി തന്ത്രങ്ങളുടെ ഭാഗമായാണ് ഈ നാമനിർദേശനീക്കം.ചൊവ്വാഴ്‌ച വോട്ടെണ്ണൽ നടക്കാനിരിക്കെ ഈ വിഷയത്തിൽ ആകാംക്ഷയും ആശങ്കയും വളരുകയാണ്. നിയമസഭയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ അധികാരമുള്ളത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് നാഷണൽ കോൺഫറൻസ് വക്താവ് ഇമ്രാൻ നബി ദർ പറഞ്ഞു. നാമനിർദേശം ചെയ്യപ്പെട്ട ലഫ്. ഗവർണർക്ക് നിയമസഭയിലേക്ക് നാമനിർദേശം നടത്താൻ എങ്ങനെയാണ് സാധിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. മന്ത്രിസഭാ രൂപീകരണത്തിന് മുമ്പ് നിയമസഭയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നത് ജനവിധിയോടുള്ള അനാദരമാണെന്ന് പിഡിപി നേതാവും മുൻമന്ത്രിയുമായ മെഹ്‌ബൂബ് ബെയ്‌ഗ് പറഞ്ഞു. ജമ്മു -കശ്‌മീരിന്റെ അധികാരങ്ങൾ കേന്ദ്രം വീണ്ടും കവർന്നെടുക്കുകയാണെന്നും ബെയ്‌ഗ് പറഞ്ഞു. സിപിഐ എമ്മും കോൺഗ്രസും കേന്ദ്രനീക്കത്തിൽ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. നിയമസഭയിൽ 90 അംഗങ്ങളെ നിശ്‌ചയിച്ച് തെരഞ്ഞെടുപ്പ് നടത്തിയശേഷം സർക്കാർ രൂപീകരണത്തിനുമുമ്പ് അഞ്ച് പേരെ നാമനിർദേശം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് നിയമവിദഗ്‌ധനായ ഷാരിഖ് റിയാസ് പറഞ്ഞു. നിയമസഭ നിലവിൽ വരുംമുമ്പ് നാമനിർദേശം ഉണ്ടാകുന്നത് കോടതിയിൽ ചോദ്യംചെയ്യപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. Read on deshabhimani.com