ജഗൻ മോഹൻറെഡ്ഡിക്ക് തിരിച്ചടി, 2 എംപിമാര്‍ രാജിവച്ചു , ടിഡിപിയിൽ ചേരും
ഹൈദരാബാദ് ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻറെഡ്ഡിക്ക് തിരിച്ചടിയായി വൈഎസ്ആര്‍ കോൺഗ്രസിന്റെ രണ്ട് രാജ്യസഭാ എംപിമാര്‍ സ്ഥാനം രാജിവച്ചു. പാര്‍ടി അംഗത്വവും ഉപേക്ഷിച്ചു. മുതിര്‍ന്ന നേതാക്കളായ മോപിദേവി വെങ്കട്ടരമണ, ബീഡ മസ്താൻ റാവു എന്നിവരാണ് രാജിവച്ചത്. വെങ്കട്ടരമണയ്ക്ക് 2026 ജൂൺ വരെയും റാവുവിന് 2028 ജൂൺ വരെയും കാലാവധിയുണ്ട്. ഇവരുടെ രാജി രാജ്യസഭാ ചെയര്‍മാൻ ജഗദീപ് ധൻകര്‍ അംഗീകരിച്ചു. ഇവര്‍ ഭരണകക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയിൽ ചേരുമെന്നാണ് സൂചന. ഇതോടെ വൈഎസ്ആര്‍ കോൺഗ്രസിന് രാജ്യസഭയിലെ അംഗബലം ഒൻപതായി ചുരുങ്ങി. 2019 മുതൽ രാജ്യസഭയിൽ പ്രാതിനിധ്യമില്ലാത്ത ടിഡിപിക്ക് വീണ്ടും അക്കൗണ്ട് തുറക്കാനുള്ള സാഹചര്യവുമൊരുങ്ങി. ഇരുവരും ടിഡിപി ടിക്കറ്റിൽ വീണ്ടും രാജ്യസഭയിലെത്തും. ടിഡിപി എംഎൽഎയായിരുന്ന റാവു 2019ലാണ് വൈഎസ്ആര്‍ കോൺഗ്രസിലെത്തിയത്. കോൺഗ്രസ് നേതാവായിരുന്ന വെങ്കട്ടരമണ മുൻമന്ത്രി കൂടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ നിരവധി നേതാക്കള്‍ പാര്‍ടി വിടുകയാണ്. Read on deshabhimani.com