ജയാ ഷെട്ടി കൊലപതകം: ഛോട്ടാ രാജന് ജാമ്യം

Photo credit: X


മുംബൈ > ജയാ ഷെട്ടി കൊലപതക കേസിൽ ഛോട്ടാ രാജന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപകെട്ടിവയ്ക്കണമെന്ന ഉപാധിയിലാണ് ഛോട്ടാ രാജന് ജാമ്യം നൽകിയത്. മറ്റ് ക്രിമിനൽ കേസുകൾ നിലനിൽക്കുന്നതിനാൽ ഛോട്ടാ രാജൻ ജയിൽ മോചിതനാകില്ല. 2001 മെയ് 4 നാണ് സെൻട്രൽ മുംബൈയിൽ ഗാംദേവിയിൽ ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമയായിരുന്ന ജയ ഷെട്ടിയെ ഛോട്ടാ രാജന്റെ സംഘത്തിലെ രണ്ട് പേർ വെടിവച്ചു കൊലപ്പെടുത്തിയത്.  കേസിൽ ജീവപര്യന്തം തടവിലായിരുന്നു ഛോട്ടാ രാജൻ. 1997-ൽ മുംബൈയിൽ വെടിയേറ്റ് മരിച്ച ട്രേഡ് യൂണിയൻ നേതാവ് ഡോ.ദത്ത സാമന്തിന്റെ കൊലപാതകം ആസൂത്രണം ചെയ്ത കേസിൽ രാജനെ പ്രത്യേക സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കോടതി കഴിഞ്ഞ വർഷം കുറ്റവിമുക്തനാക്കിയിരുന്നു. പവായിൽ നിന്ന് ഘാട്‌കോപ്പറിലേക്ക് ജീപ്പിൽ പോകുകയായിരുന്ന സാമന്തിനെ 1997 ജനുവരി 16 നാണ് നാല് പേർ വെടിവെച്ചു കൊലപ്പെടുത്തിയത്. 2000-ൽ ദത്ത സാമന്ത് വധക്കേസിൽ മൂന്ന് പേർ ശിക്ഷിക്കപ്പെട്ടു. കേസിൽ രാജനെയും പ്രതി ചേർത്തിരുന്നു. 2015ൽ ഇന്തോനേഷ്യയിൽ വെച്ച് അറസ്റ്റ് ചെയ്ത് രാജനെ മുംബൈയിലെത്തിക്കുകയായിരുന്നു. തുടർന്ന് ഛോട്ടാ രാജനെതിരെയുള്ള എല്ലാ കേസുകളും സിബിഐക്ക് കൈമാറി. Read on deshabhimani.com

Related News