ജാർഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ; സത്യപ്രതിജ്ഞ ഇന്ന്
റാഞ്ചി > ജാർഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിലെ മൊർഹാബാദി ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ. രാഹുൽ ഗാന്ധി, ശരദ് പവാർ, മമത ബാനർജി എന്നിവരുൾപ്പെടെ ഇന്ത്യാകൂട്ടായ്‌മയിലെ നിരവധി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ഈ പരിപാടിയുടെ ഭാഗമാകും. വ്യാഴാഴ്ച വൈകീട്ട് നാലിന് ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാറാണ് ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുക്കുക. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറൻ (49) നാലാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. 2024 നിയമസഭാ തെരഞ്ഞെടുപ്പിൽ 39,791 വോട്ടുകൾക്ക് ബിജെപിയുടെ ഗാംലിയാൽ ഹെംബ്രോമിനെ പരാജയപ്പെടുത്തിയാണ് സോറൻ ബർഹൈത്ത് സീറ്റ് നിലനിർത്തിയത്. 81 അംഗ നിയമസഭയിൽ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന് 56 സീറ്റുകൾ ലഭിച്ചപ്പോൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 24 സീറ്റുകളാണ് ലഭിച്ചു. തന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ജനങ്ങളോട് അഭ്യർഥിച്ച ഹേമന്ത് സോറൻ പരിപാടി തത്സമയം കാണാൻ യൂട്യൂബ് ലിങ്കും ഷെയർ ചെയ്തിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് റാഞ്ചി നഗരത്തിലുടനീളം ട്രാഫിക് ക്രമീകരണങ്ങൾക്കൊപ്പം പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. സോറൻ ഒറ്റയ്ക്കാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കാനാണ് തീരുമാനം. ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ, ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ, സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ്. ജമ്മു കശ്മീർ പിഡിപി നേതാവ് മെഹബൂബ മുഫ്തി, തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയ് സ്റ്റാലിൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആർജെഡി നേതാവ് തേജസ്വി യാദവ്, എഎപി നേതാവ് മനീഷ് സിസോദിയ, എഎപി എംപി സഞ്ജയ് സിംഗ്, ലോക്‌സഭാ എംപി പപ്പു യാദവ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കോങ്കൽ സാംഗ്മ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. Read on deshabhimani.com