ജാർഖണ്ഡിൽ കടുത്ത
ഭീഷണിയായി ജെഎൽകെഎം



ന്യൂഡൽഹി ജാർഖണ്ഡിൽ യുവനേതാവ്‌ ജയ്‌റാം മഹാതോയുടെ ജാർഖണ്ഡ്‌ ലോക്‌താന്ത്രിക്‌ ക്രാന്തികാരി മോർച്ച (ജെഎൽകെഎം) എന്ന പുതിയ പാർടി എൻഡിഎയ്‌ക്കും ഇന്ത്യാ കൂട്ടായ്‌മയ്‌ക്കും ഭീഷണിയാകുന്നു.  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ച ജെഎൽകെഎം എട്ട്‌  മണ്ഡലങ്ങളിൽനിന്ന്‌ എട്ട്‌ ലക്ഷത്തിലേറെ വോട്ട്‌ നേടി. ഗിരിദിഹ്‌ ലോക്‌സഭാ മണ്ഡലത്തിൽ ജയ്‌റാം മഹാതോ മൂന്നര ലക്ഷത്തിലേറെ വോട്ട്‌ പിടിച്ചു. അന്ന്‌ പാർടിയുടെ സ്ഥാനാർഥികൾ സ്വതന്ത്രരായാണ്‌ മൽസരിച്ചത്‌. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർടി ചിഹ്‌നത്തിലായിരിക്കും ജെഎൽകെഎം വോട്ടുതേടുക. സംവരണം മുഖ്യവിഷയമായി ഉയർത്തുന്ന ഇവർക്ക്‌ ജാർഖണ്ഡിലെ പ്രബല വിഭാഗമായ കുഡ്‌മി മഹാതോകളുടെ പിന്തുണയുണ്ട്‌. 15 ശതമാനത്തോളമുള്ള ഇവർ  നിലവിൽ ഒബിസി വിഭാഗത്തിലാണ്‌. പട്ടികവർഗത്തിൽ ഉൾപ്പെടുത്തണമെന്ന്‌ ഏറെ നാളായി ആവശ്യപ്പെട്ടുവരികയാണ്‌. മുപ്പതിലേറെ നിയമസഭാ സീറ്റുകളിൽ നിർണായക വോട്ടുബാങ്കുമാണ്‌. സില്ലി, രാംഗഡ്‌, മണ്ഡു, ഗോമിയ, ദുമ്രി തുടങ്ങിയ മണ്ഡലങ്ങൾ ശക്തികേന്ദ്രങ്ങളാണ്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ 71 സീറ്റുകളിലാണ്‌ ജെഎൽകെഎം മൽസരിക്കുന്നത്‌. ദുമ്രി ഉൾപ്പെടെ രണ്ട്‌ നിയമസഭാ മണ്ഡലങ്ങളിൽ ജയ്‌റാം മഹാതോ മൽസരിക്കും.   Read on deshabhimani.com

Related News