കൈമലര്‍ത്തി അപഹസിച്ച് സുരേഷ് ​ഗോപി

ലോക്‌സഭയിൽ കനിമൊഴി പ്രസംഗിക്കുമ്പോൾ ഗോഷ്ടി കാണിക്കുന്ന 
കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപി


ന്യൂഡൽഹി കേരളവും തമിഴ്‌നാടും ഉൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന  സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുന്നതിൽ പ്രതിഷേധിച്ച്‌ ഡിഎംകെ അംഗം കനിമൊഴി ലോക്‌സഭയിൽ സംസാരിച്ചത്‌ കേട്ടപ്പോൾ  കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപിക്ക്‌ പരിഹാസം. തമിഴ്‌നാടിനെന്ന പോലെ കേരളത്തിനും അർഹമായ സഹായം നൽകുന്നില്ലെന്ന്‌ കനിമൊഴി പറഞ്ഞപ്പോഴാണ്‌ തൃശൂർ എംപികൂടിയായ സുരേഷ്‌ ഗോപി അവജ്‌ഞയോടെ ചിരിച്ച്‌ കൈമലർത്തിക്കാട്ടി വിചിത്ര ആംഗ്യം കാണിച്ചത്‌. കേരളത്തോടും തമിഴ്‌നാടിനോടും കേന്ദ്രം  ഇങ്ങനെ കൈമലർത്തി കാണിക്കുകയാണെന്ന് കനിമൊഴി തിരിച്ചടിച്ചു.  ആഭാസകരമായ ചേഷ്‌ടകളോടെ സുരേഷ്‌ ഗോപി   പ്രതികരിക്കുന്നതും കനിമൊഴിയുടെ ചുട്ടമറുപടിയും അടങ്ങുന്ന വീഡിയോ  വൻതോതിൽ പ്രചരിച്ചു. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സുരേഷ്‌ഗോപി ശ്രമിക്കാത്തതിലും പ്രതിഷേധമുയർന്നു. ഉരുൾപൊട്ടൽ ദുരന്തം നേരിടാൻ  സഹായം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളത്തിൽനിന്നുള്ള എംപിമാർ ആഭ്യന്തരമന്ത്രി അമിത്‌ഷായെ കണ്ടപ്പോഴും സുരേഷ്‌ ഗോപിയുടെ സാന്നിധ്യം ഉണ്ടായില്ല. വയനാടിനെക്കുറിച്ച്‌ തമിഴ്‌നാട്ടിൽനിന്നുള്ള അംഗം സംസാരിച്ചപ്പോൾ കേരളത്തിൽനിന്നുള്ള ബിജെപി എംപി കഥകളി മുദ്ര കാണിച്ചുവെന്ന്‌ ജോൺ ബ്രിട്ടാസ്‌ എംപി പറഞ്ഞു. ജനപ്രതിനിധികളിൽനിന്ന്‌ ജനങ്ങൾ ഇതല്ല പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. Read on deshabhimani.com

Related News