കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി: 19 വർഷത്തിനു ശേഷം കന്നഡ സംവിധായകൻ അറസ്റ്റിൽ
ബംഗളൂരു > കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ കന്നഡ സംവിധായകൻ 19 വർഷത്തിനുശേഷം പിടിയിൽ. എം ഗജേന്ദ്രയാണ് അറസ്റ്റിലായത്. ഗുണ്ടാ നേതാവായ കോട്ട രവിയുടെ കൊലപാതകത്തിലെ എട്ട് പ്രതികളിലൊരാളായിരുന്നു ഗജേന്ദ്ര. 2004ലാണ് സംഭവം നടക്കുന്നത്. വിൽസൺ ഗാർഡൻ പൊലീസാണ് കേസിൽ ഗജേന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നത്. ഒരു വർഷത്തോളം ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞ ഗജേന്ദ്രയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. തുടർന്ന് പൊലീസിന്റെ നോട്ടീസിനോട് പ്രതികരിക്കാതെ മുങ്ങിനടക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ സ്ഥിരതാമസമാക്കിയ ഗജേന്ദ്ര ഒളിവിലാണെന്ന് 2008-ൽ പൊലീസ് കോടതിയെ അറിയിച്ചിരുന്നു. 2019-ൽ ഗജേന്ദ്ര ‘പുട്ടാണി പവർ’ എന്ന സിനിമ സംവിധാനംചെയ്തതായും പൊലീസ് പറഞ്ഞു. സ്ഥിരമായി ഗജേന്ദ്ര കർണാടകത്തിലെത്തുകയും സിനിമ മേഖലയിൽ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. കെട്ടിക്കിടന്ന പഴയ കേസുകൾ പരിശോധിക്കുന്നതിനിടെ ഗജേന്ദ്രയുടെ കേസ് ശ്രദ്ധയിൽപ്പെട്ട പൊലീസ് ബംഗളൂരുവിലെ പുതിയ വസതിയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. Read on deshabhimani.com