കൻവര്‍ യാത്ര ; ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് യുപി പൊലീസ്
ലഖ്നൗ ശിവഭക്തരുടെ വാര്‍ഷിക തീര്‍ഥാടനമായ കൻവര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് യുപിയിലെ മുസഫര്‍ നഗര്‍ പൊലീസിന്റെ നിര്‍ദ്ദേശം വിവാദത്തിൽ. മുസ്ലിങ്ങളുടെ കടകളെ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ നീക്കമാണിതെന്ന വിമര്‍ശനം ശക്തമായി. 240 കിലോമീറ്ററാണ് യാത്ര മുസഫര്‍നഗര്‍ ജില്ലയിലൂടെ കടന്നുപോകുന്നത്. തീര്‍ഥാടകര്‍ കടന്നുപോകുന്ന ഈ വഴിയിലെ ഹോട്ടലുകള്‍, ധാബകള്‍, തട്ടുകടകള്‍ തുടങ്ങിയവടങ്ങളിൽ ഉടമയുടെ പേരോ ജോലി ചെയ്യുന്നവരുടെ പേരോ എഴുതിവയ്ക്കണമെന്ന് മുസഫര്‍നഗര്‍ പൊലീസ് ചീഫ് അഭിഷേക് സിങ് ആവശ്യപ്പെട്ടത്. പൊലീസ് നിര്‍ദ്ദേശം സമൂഹദ്രോഹമാണെന്നും കോടതി സ്വമേധയാ കേസെടുക്കണമെന്നും എസ്പി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. നാസി ജര്‍മ്മനിയിൽ ഹിറ്റ്‍ലറിന്റെ നടപടിക്ക് സമാനമാണിതെന്ന് പ്രമുഖ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ പ്രതികരിച്ചു. ജൂലൈ 22 മുതലാണ് തീര്‍ഥാടനയാത്ര ആരംഭിക്കുന്നത്. ഡൽഹി, യുപി, ജാര്‍ഖണ്ഡ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളില്‍നിന്നുള്ള ആയിരങ്ങള്‍ യാത്രയുടെ ഭാഗമാകും. Read on deshabhimani.com