കാവടിയാത്ര ; വിദ്വേഷ ഉത്തരവിന്റെ സ്‌റ്റേ നീട്ടി



ന്യൂഡൽഹി കാവടിയാത്ര കടന്നുപോകുന്ന വഴികളിലെ കടകളിൽ ഉടമകളുടെ പേര്‌ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌ സർക്കാരുകളുടെ ഉത്തരവിന് ഏർപ്പെടുത്തിയ സ്‌റ്റേ നീട്ടി സുപ്രീംകോടതി. വിവാദ ഉത്തരവിനെതിരായ ഹർജികൾ ഇനി പരിഗണിക്കുന്ന ആഗസ്‌ത്‌ അഞ്ചുവരെയാണ്‌ സ്‌റ്റേ നീട്ടിയത്‌. വ്യാഴാഴ്‌ച യുപി സർക്കാർ എതിർസത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ, അത്‌ കോടതി മുമ്പാകെ എത്തിയിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ജസ്‌റ്റിസുമാരായ ഹൃഷികേശ്‌റോയ്‌, എസ്‌ വി ഭാട്ടി എന്നിവർ കേസ്‌ പരിഗണിക്കുന്നത്‌ മാറ്റിവെച്ചത്‌. ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച്‌ ധാബകൾ ഉൾപ്പടെയുള്ള ഭക്ഷണശാലകളിൽ ഉടമകളുടെ പേര്‌ പ്രദർശിപ്പിക്കണമെന്ന്‌ വ്യവസ്ഥയുണ്ടെന്ന്‌ യുപി സർക്കാരിനുവേണ്ടി ഹാജരായ മുകുൾറോഹ്‌തഗി വാദിച്ചു. ഈ വ്യവസ്ഥ എല്ലായിടത്തും നടപ്പാക്കണമെന്നും ചില സ്ഥലങ്ങൾ തെരഞ്ഞെടുത്ത്‌ നടപ്പാക്കാൻ നോക്കരുതെന്നും കോടതി പ്രതികരിച്ചു. ഈ നിയന്ത്രണങ്ങളൊന്നുമില്ലാതെ ആറ്‌ പതിറ്റാണ്ടായി കാവടിയാത്ര സമാധാനപൂർവം നടക്കുന്നുണ്ടെന്നും ഈ വർഷവും പ്രശ്‌നങ്ങളൊന്നും ഉണ്ടാകാനിടയില്ലെന്നും ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ മനുഅഭിഷേക്‌സിങ്‌വി ചൂണ്ടിക്കാട്ടി. കാവടിയാത്ര രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പൂർത്തിയാകുന്ന സാഹചര്യത്തിൽ ഉടൻ കേസ്‌ വീണ്ടും പരിഗണിക്കണമെന്ന യുപി സർക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. Read on deshabhimani.com

Related News