യുപിയില്‍ പൊലീസ്‌ ജീപ്പ്‌ 
തകർത്ത് കാവടി തീർഥാടകർ



ഗാസിയാബാദ്‌> ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാവടി തീര്‍ഥാടകർ പൊലീസ്‌ ജീപ്പ്‌ തകർത്തു.  പൊലീസ്‌ ജീപ്പ്‌ അടിച്ചു തകർത്ത്‌ മറിച്ചിടുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി.  മധുബൻ ബാപുധാം പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുഹയ് കൻവാർ റോഡിൽ തിങ്കളാഴ്‌ചയാണ്‌ സംഭവം. തീർഥാടകനെ പൊലീസ്‌ ജീപ്പ് തട്ടിയെന്ന് ആരോപിച്ചാണ്  ജീപ്പ്‌ തകര്‍ത്തത്‌.  ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഗാസിയാബാദിൽ മൂന്ന് ദിവസത്തിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. ശനിയാഴ്ച ഗാസിയാബാദിൽ കാവടി യാത്രികർ വിജിലൻസ് സംഘത്തിന്റെ കാർ തകർത്ത് ഡ്രൈവറെ മർദിച്ചു. വിജിലൻസ് വാഹനം തീർഥാടകനെ ഇടിച്ചെന്നും ​ഗം​ഗാജലം ശേഖരിച്ച  പാത്രം തകർന്നെന്നും ആരോപിച്ചായിരുന്നു ആക്രമണം.   കാവ‍ടി തീര്‍ഥാടകര്‍ കടന്നുപോകുന്ന മേഖലയിലെ ഭക്ഷണശാലകളില്‍ കടയുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന യുപി, ഉത്തരഖണ്ഡ് സര്‍ക്കാരുകളുടെ വിദ്വേഷ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന ഭാ​ഗത്തെ മസ്ജിദുകളും ​ദര്‍​ഗയും തുണികൊണ്ട് മറയ്ക്കണമെന്ന ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിട്ടെന്ന് റിപ്പോര്‍ട്ടും വിവാദമായിരുന്നു. നിരവധി മേഖലകളില്‍ വെള്ളത്തുണികൊണ്ട് മസ്ജിദുകള്‍ മറച്ചതിന്റെ ദൃശ്യവും പുറത്തുവന്നു. കാവടികളില്‍ കെട്ടിവച്ച പ്രത്യേക പാത്രങ്ങളില്‍ ​ഗം​ഗാജലം ശേഖരിച്ച് ഹരിദ്വാറിലേക്ക് പോകുന്ന തീര്‍ഥാടനയാത്രയില്‍ ഉത്തരേന്ത്യയില്‍ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. Read on deshabhimani.com

Related News